റിയോ ഡി ജനീറോ: ബ്രസീലിൽ കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റ് നടത്തണോ എന്ന കാര്യത്തിൽ രാജ്യത്തെ സുപ്രീം കോടതി തീരുമാനമെടുക്കും.കൊവിഡ് വ്യാപനത്തെത്തുടർന്ന് അർജന്റീനയിൽ നിന്നും രാഷ്ട്രീയ അസ്ഥിരതയെത്തുടർന്ന് കൊളംബിയയിൽ നിന്നും വേദി മാറ്റിയാണ് ബ്രസീലിൽ ടൂർണമെന്റ് നടത്താൻ സംഘാടകർ തീരുമാനിച്ചത്. ജൂൺ 13-നാണ് മത്സരങ്ങൾ ആരംഭിക്കേണ്ടത്.
എന്നാൽ രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ടൂർണമെന്റ് നിശ്ചയിച്ചതിനെതിരേ കളിക്കാരിൽ നിന്നും ആരാധകരിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ആരോഗ്യപ്രവർത്തകരും രംഗത്തുണ്ട്. ബ്രസീലിയൻ സോഷ്യലിസ്റ്റ് പാർട്ടിയും ലോഹപ്പണിക്കാരുടെ ട്രേഡ് യൂണിയനുമാണ് കോപ്പയ്ക്കെതിരെ കോടതിയെ സമീപിച്ചത്.