general-hospital

തിരുവനന്തപുരം : പൂർണമായും കൊവിഡ് ചികിത്സാ ആശുപത്രിയായ ജനറൽ ആശുപത്രിയിൽ ഇനി ഓക്‌സിജൻ ക്ഷാമം ഉണ്ടാകില്ല. ആശുപത്രിയിൽ ഒരു ലിക്വിഡ് ഓക്സിജൻ പ്ലാന്റും കൂടാതെ രണ്ട് ഓക്‌സിജൻ ജനറേറ്ററും ഉടൻ സ്ഥാപിക്കും. നിലവിൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് ഇല്ല. കൊവിഡ് ചികിത്സ നൽകുന്ന ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റും ജനറേറ്ററും കൂടി സ്ഥാപിക്കുന്നതോടെ തടസമില്ലാത്ത ഓക്‌സിജൻ ലഭ്യത ഉറപ്പാകും.

കെ.എം.സി.എൽ. വഴി സ്‌പോൺസർഷിപ്പിലൂടെയാണ് ഓക്സിജൻ പ്ലാന്റ് ആശുപത്രിയിലേക്ക് ചെയ്തുനൽകുന്നത്. പ്രതിദിനം ആറ് കിലോ ലിറ്റർ ഓക്സിജൻ പ്രതിദിനം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഓക്‌സിജൻ പ്ലാന്റ്. ഐ.സി.യു.വിൽ രണ്ടരദിവസം ഉപയോഗിക്കാനുള്ള ഓക്‌‌സിജനുണ്ടാവും ഇത്. പ്രധാനമന്ത്രിയുടെ കെയർ പദ്ധതി വഴിയാണ് ഒരു ഓക്സിജൻ ജനറേറ്റർ ആശുപത്രിയിലേക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രതിദിനം 500 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ജനറേറ്റർ.

ഒരു കോടി രൂപ ചെലവിൽ ഇൻഫോസിസാണ് രണ്ടാമത്തെ ഓക്‌സിജൻ ജനറേറ്റർ സ്ഥാപിക്കുന്നത്. ഇതിന് പ്രതിദിനം 1000 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയും. ശേഷിയുണ്ടാവും. അന്തരീക്ഷത്തിലെ വായുവിൽ നിന്ന് ഓക്‌സിജനെ മാത്രമായി വേർതിരിക്കാൻ കഴിയുന്ന ഉപകരണമാണ് ഓക്‌സിജൻ ജനറേറ്റർ.

ആശുപത്രിയിൽ സ്ഥാപിക്കുന്നതിനുള്ള ഓക്‌സിജൻ പ്ലാന്റ് എത്തിക്കഴിഞ്ഞതായി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പദ്മലത പറഞ്ഞു. അതിനുള്ള നടപടികൾ നടക്കുകയാണ്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ജില്ലാ ഭരണകൂടമാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചെലവ് വഹിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. സംസ്ഥാന നിർമ്മിതി കേന്ദ്രയാണ് നിർമ്മാണം. പ്ലാന്റും ജനറേറ്ററും പ്രവർത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതിബന്ധം നൽകുന്നതിനുള്ള പ്രവർത്തനങ്ങളുടെ ചുമതല പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിനാണ്.