പിടിയിലായത് പട്ടാളക്കാരനും ഐ.ടി വിദഗ്ദ്ധനും
കൊല്ലം: റെയിൽവേ സ്റ്റേഷനിൽ വ്യത്യസ്ത കേസുകളിൽ രണ്ടുപേരിൽ നിന്ന് 97 കുപ്പി വിദേശമദ്യം പിടികൂടി. ബംഗളൂരിൽ ജോലിചെയ്യുന്ന പട്ടാളക്കാരൻ ആറ്റിങ്ങൽ, കാരിച്ചാൽ, പാലവിള വീട്ടിൽ അമൽ (28), ഐ.ടി. വിദഗ്ദ്ധനായ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം കൈലാസത്തിൽ അനിൽകുമാർ (38) എന്നിവരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ 11.30ന് ബംഗളൂരു - കന്യാകുമാരി ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന അമലിന്റെ ബാഗിൽ നിന്ന് വിവിധ ബ്രാൻഡുകളിലുള്ള 60 കുപ്പികൾ കണ്ടെടുക്കുകയായിരുന്നു. തുടർന്ന് പ്ലാറ്റ്ഫോമിൽ ഉച്ചയ്ക്ക് 1ന് നടത്തിയ പരിശോധനയിലാണ് 37 കുപ്പികളുമായി അനിൽകുമാർ പിടിയിലാകുന്നത്. രണ്ടുപേരിൽ നിന്നുമായി 64 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. കർണാടകയിൽ മാത്രം വിൽക്കുന്നത്തിനുള്ള കുപ്പികളാണ് കണ്ടെടുത്തതെങ്കിലും വ്യാജമദ്യമാണോയെന്നുള്ള സംശയമുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റെയിൽവേ പൊലീസ് സൂപ്രണ്ട് ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പിമാരായ പ്രശാന്ത്, ജോർജ് ജോസഫ്, സി.ഐ ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ രമേഷ്, രവികുമാർ, രതീഷ്, സതീഷ് ചന്ദ്രൻ, സജിൽ, മുകേഷ് മോഹൻ, അനീഷ്, ജിനദേവ് എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.