വാഷിംഗ്ടൺ : രാജ്യത്തെ കൊവിഡ് വാക്സിനേഷൻ പദ്ധതി വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്ക. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാക്സിൻ സ്വീകരിക്കുന്നവർക്ക് കഞ്ചാവ് വാഗ്ദാനം ചെയ്തിരിക്കുകയാണ് വാഷിംഗ്ടൺ. വാക്സിൻ സ്വീകരിക്കുന്ന പ്രായപൂർത്തിയായ ആളുകൾക്കാണ് കഞ്ചാവ് ബീഡികൾ സൗജന്യമായി നൽകുക. വാഷിംഗ്ടൺ സംസ്ഥാനത്ത് പ്രായപൂർത്തിയായവരിൽ 54 ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്സിനെടുത്തിട്ടുള്ളത്. ഇതിനെ തുടർന്നാണ് പുതിയ ഓഫറുമായി സംസ്ഥാന ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. 2012 മുതൽ വാഷിംഗ്ടൺ അടക്കമുള്ള അമേരിക്കയിലെ പതിനേഴ് സംസ്ഥാനങ്ങളിൽ വിനോദത്തിനു വേണ്ടിയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്. ഏതായാലും പുതിയ വാക്സിനേഷൻ ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി കഞ്ചാവ് വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്. "Joints for Jabs" എന്നാണ് പദ്ധതിയുടെ പേര്. 21 വയസിന് മുകളിലുള്ളവർക്ക് വാക്സിനൊപ്പം കഞ്ചാവ് സൗജന്യമായി ലഭിക്കും. ജൂലൈ 12 വരെയാണ് ഓഫർ കാലാവധി. വാക്സിനേഷനിൽ മുന്നിലെത്താൻ യു.എസിലെ മറ്റു സംസ്ഥാനങ്ങളും ആകർഷകമായ ഓഫറുകളുമായി രംഗത്തുണ്ട്.അരിസോണയിൽ ലഹരിവസ്തുക്കൾ വിൽക്കുന്ന ഒരു സ്ഥാപനം വാക്സിൻ സ്വീകരിക്കുന്നവർക്ക് സൗജന്യമായി തങ്ങളുടെ ഉത്പന്നങ്ങൾ നൽകുമെന്ന് വാഗ്ദാനം. കാലിഫോർണിയയിലും ഒഹിയോയിലും വാക്സിൻ എടുക്കുന്നവർക്ക് സൗജന്യ ലോട്ടറിയും ക്യാഷ് പ്രൈസുകളും നൽകുന്നുണ്ട്. രാജ്യത്ത് പ്രായപൂർത്തിയായവരിൽ 63 ശതമാനം പേർ നിലവിൽ യു.എസിൽ ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്.
അമേരിക്കയുടെ സ്വാതന്ത്യ ദിനമായ ജൂലൈ നാലിന് രാജ്യത്തെ 70 ശതമാനം പേർക്ക് കുത്തിവയ്പ്പ് പൂർത്തിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാനായി ആൻഹ്യൂസർ ബുഷ് പോലുള്ള വൻകിട മദ്യകമ്പനി മുതൽ ബാർബർഷോപ്പുകളുമായി വരെ വൈറ്റ് ഹൗസ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.