ന്യൂഡൽഹി: ഔഷധി ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും നിർമിച്ച പഞ്ചഗവ്യഘൃതം വിൽക്കുന്നതിനെ ഗോക്കളെ ആരാധിക്കുന്നതുമായി കൂട്ടിക്കെട്ടി ആർ.എസ്.എസ്. കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനി തന്നെ ഗോക്കളിൽ നിന്നുളള ഉത്പന്നങ്ങളുവടെ ഫലപ്രാപ്തിയെക്കുറിച്ച് പരസ്യം നൽകുന്നു. ഈ വിവരം ഇൻറർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നു. നെറ്റിസൺമാർ കമ്മ്യൂണിസ്റ്റുകളോട് പശുവിനെ പരിഹസിക്കുന്നതിൽ നിന്നും അവർ പിന്മാറുമോ എന്ന് ചോദിക്കുന്നതായും ആർ.എസ്.എസ് മുഖപത്രമായ ഓർഗനെെസറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
2014 ൽ ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം കമ്മ്യൂണിസ്റ്റുകാർ (കേരളത്തിൽ) ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പശുക്കളെ ആരാധിക്കുന്നതിനെക്കുറിച്ച് തമാശകൾ പറയുകയായിരുന്നു. പശുവിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ശബ്ദമുയർത്തുന്ന ആളുകളെ പരിഹസിച്ചു. എന്നാൽ ഇപ്പോൾ രസകരമായ ഒരു കാര്യം സംഭവിച്ചു. കേരള സർക്കാർ ഉടമസ്ഥതയിലുള്ള ആയുർവേദ മരുന്ന് നിർമ്മാണ കമ്പനിയായ ഔഷധി ചാണകം, ഗോമൂത്രം, പാൽ, നെയ്യ്, തൈര് എന്നിവകൊണ്ട് നിർമ്മിച്ച പഞ്ചഗവ്യഘൃതം വിൽക്കുന്നു. മനോരോഗം, മഞ്ഞപ്പിത്തം, പനി, അപസ്മാരം എന്നിവയ്ക്കെതിരെ മരുന്ന് ഫലപ്രദമാണെന്നും ഓർമ ശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നുവെന്നും ഔഷധി പറയുന്നതായും ഓർഗനെെസർ പരിഹസിച്ചു.
Kerala govt owned Ayurveda company making profit by selling Cow dung, Cow Urine products to 'boost memory and concentration'https://t.co/55rOtg5gVT pic.twitter.com/oFj0WO0s97
— Organiser Weekly (@eOrganiser) June 8, 2021
ഓർഗനെെസറിലെ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് പഞ്ചഗവ്യഘൃതം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മനോരോഗത്തിന് മരുന്ന് നിര്‍മ്മിക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ കഴമ്പില്ലെന്ന് ആയുര്‍വേദ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കി. അഷ്ടാംഗ ഹൃദയത്തില്‍ പറയുന്ന പഞ്ചഗവ്യഘൃതം എല്ലാ ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളും നിര്‍മ്മിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മനോരോഗം, ഉറക്കക്കുറവ്, ഓര്‍മ്മക്കുറവ്, വിഷാദരോഗം എന്നിവയ്ക്ക് ഈ മരുന്ന് ഫലപ്രദമാണെന്നും കൊവിഡാനന്തര ചികിത്സയിലും പഞ്ചഗവ്യഘൃതം ഗുണം ചെയ്യുമെന്നും ആയുര്‍വേദ വിദഗ്ദ്ധർ അവകാശപ്പെടുന്നു.