bgg

ജനീവ​: 1992-95ൽ ബോസ്​നിയൻ യുദ്ധകാലത്ത്​ നടന്ന വംശഹത്യകൾക്കും കൂട്ടക്കൊലകൾക്കും നേതൃത്വം വഹിച്ച ബോസ്​നിയൻ സെർബ്​ മുൻ സൈനിക മേധാവി റാത്​കോ മിലാദിച്ചിന്റെ ജീവപര്യന്തം ശരിവെച്ച് യു.എൻ അപ്പീൽ കോടതി. ഹേഗിലെ യു.എൻ ഇൻറർനാഷണൽ റെസീഡ്വൽ മെക്കാനിസം ഫോർ ക്രിമിനൽ ട്രൈബ്യൂണൽസിലെ അഞ്ചംഗ ജഡ്ജിമാരാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളുകയായിരുന്നു. ബോസ്​നിയൻ-സെർബ്​ മുൻ പ്രസിഡന്റും വംശഹത്യയുടെ സൂത്രധാരനുമായ റ​ഡോവൻ കരാദിച്ച്​ ​ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ബോസ്​നിയൻ കൂട്ടക്കൊലയിൽ പതിനായിരങ്ങൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകളുടെ വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. രണ്ടാംലോകയുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊലയാണ് ബോസ്നിയയിൽ നടന്നത്. 8000 മുസ്​ലിം യുവാക്കളെ കൊലപ്പെടുത്തി,​ തലസ്ഥാനമായ സരായെവോയിൽ ഉപരോധത്തിനിടെ പതിനായിരങ്ങളെ കൊലപ്പെടുത്തി എന്നീ കേസുകളാണ് മിലാദിച്ചിനെതിരെയുള്ളത്.