fgg

കുവൈറ്റ് സിറ്റി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തി. കുവൈറ്റ് വിദേശകാര്യ വകുപ്പ് മന്ത്രി ശെയ്ഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇവിടെ എത്തുന്നത്. എസ് ജയ്ശങ്കറിന്റെ കുവൈത്തിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കുവൈറ്റ് അമീര്‍ ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് മന്ത്രി കൈമാറും. മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തിനിടയില്‍ ഊർജ്ജം, വ്യവസായം , വിവരസാങ്കേതിക വിദ്യ, തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈറ്റ് വിദേശകാര്യ വകുപ്പ് മന്ത്രിയുമായും മറ്റ് മുതിര്‍ന്ന ഭരണാധികാരികളുമായും ജയശങ്കർ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോൾ 450 മെട്രിക് ടൺ ഓക്സിജനും 5000 ത്തിലധികം ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ നിരവധി മെഡിക്കൽ സാമഗ്രികൾ ഇന്ത്യയിലേക്ക ് കയറ്റി അയച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ കുവൈറ്റ് ഇന്ത്യയ്ക്ക് നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും അദ്ദേഹം ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തും.

സന്ദർശനത്തിനിടെ 10 ലക്ഷത്തോളം വരുന്ന കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും.

ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് എസ്.ജയശങ്കറിന്റെ സന്ദർശനം. കുവൈറ്റിലെ മൂന്നു ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ത്യ-കെനിയ ജോയിന്റ് കമ്മീഷൻ ചർച്ചയിൽ പങ്കെടുക്കാനായി കെനിയയിലേക്ക് തിരിക്കും.