fgg

സാൻ സാൽവഡോർ: ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന് നിയമസാധുത നല്‍കി എല്‍ സാല്‍വഡോര്‍. ഇതാദ്യമായാണ് ബിറ്റ്കോയിന് ഒരു രാജ്യം ഔദ്യോഗികമായി അംഗീകാരം നല്‍കുന്നത്. പ്രസിഡന്റ് നായിബ് ബുകേലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എൽ സാൽവഡോർ കോൺഗ്രസിലെ 84 അംഗങ്ങളിൽ 62 പേരുടെ പിന്തുണയിലൂടെയാണ് ബിറ്റ്‌കോയിന്‍ നിയമസാധുതയോടെ ഉപയോഗിക്കാനുള്ള നിയമനിര്‍മാണത്തിന് അംഗീകാരം ലഭിച്ചത്. രാജ്യത്ത് കൂടുതല്‍ നിക്ഷേപവും അതിലൂടെ സമ്പദ്സ്ഥിതി മെച്ചപ്പെടുമെന്നും പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

അടുത്ത 90 ദിവസത്തിനുള്ളില്‍ ബിറ്റ്‌കോയിന്‍ ഉപയോഗത്തിന് നിയമസാധുത വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ ബിറ്റ്കോയിനിലൂടെ രാജ്യത്ത് നിക്ഷേപം നടത്തുന്നവർക്ക് പൗരത്വം നല്കാൻ തീരുമാനിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.

ക്രിപ്‌റ്റോകറൻസി ഒരു വിർച്വൽ കറൻസിയാണ്. ഇന്ന് നിലവിലുള്ള നിരവധി ക്രിപ്റ്റോകറൻസികളിൽ ഒന്നാണ് ബിറ്റ്‌കോയിൻ. സാധാരണ ഉപയോഗിക്കുന്ന കറൻസികളിൽ നിന്ന് വ്യത്യസ്തമായി, ബിറ്റ്‌കോയിൻ ഡിജിറ്റൽ രൂപത്തിൽ മാത്രമേ ലഭ്യമാകൂ. ക്രിപ്‌റ്റോ കറൻസിയുടെ ഒരു യൂണിറ്റ് എന്നത് സങ്കീർണ്ണമായ കമ്പ്യൂട്ടറൈസ്ഡ് കോഡാണ്.