മാള: ജീവിതത്തിനും മരണത്തിനും മദ്ധ്യേ നിന്ന് ജീവിതം തിരിച്ചുകിട്ടിയ ബെക്സ് കൃഷ്ണൻ ആനന്ദക്കണ്ണീരോടെ നാടണഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യു.എ.ഇ ജയിലിലായിരുന്ന ബെക്സിനെ പ്രമുഖ വ്യവസായി എം..എ..യൂസഫലി ഇടപെട്ടാണ് മോചിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി 8.20ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ യാത്രതിരിച്ച ബെക്‌സ് കൃഷ്ണൻ, ഇന്നലെ പുലർച്ചെ 1.45 നാണ് കൊച്ചിയിലെത്തിയത്. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ഇപ്പോൾ തൃശൂരിലെ കാക്കാത്തുരുത്തിലുള്ള റിസോർട്ടിൽ നിരീക്ഷണത്തിലാണ്. മാള പുത്തൻചിറ സ്വദേശിയായ ബെക്‌സിന്റെ കുടുംബം ഏതാനും വർഷങ്ങളായി നടവരമ്പിലാണ് താമസം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ബെക്സ് കൃഷ്ണൻ നാട്ടിലെത്തിയതോടെ ശുഭാവസാനമായത്. ഭാര്യ വീണയും മകൻ അദ്വൈതും സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു.
അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം തകിടംമറിച്ച സംഭവം നടന്നത് 2012 സെപ്തംബർ ഏഴിനാണ്. ബെക്സ് കൃഷ്ണൻ ഓടിച്ചിരുന്ന വാഹനം അബുദാബി മുസഫയിൽ വച്ച് ഇടിച്ച് സുഡാൻകാരനായ ബാലൻ മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യയ്ക്ക് കേസെടുത്ത് അബുദാബി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കളിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് അപകടമെന്ന് സി.സി.ടി.വി തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ തെളിഞ്ഞിരുന്നു. മാസങ്ങൾ നീണ്ട വിചാരണയ്ക്കു ശേഷം യു.എ.ഇ സുപ്രീംകോടതി 2013ൽ ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു.
അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലംകണ്ടില്ല. ഇതോടെ ബന്ധുവായ സേതു വഴി എം.എ. യൂസഫലിയോട് മോചനത്തിനായി ഇടപെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. കുട്ടിയുടെ കുടുംബവുമായി നിരവധി ചർച്ചകൾ നടത്തി കാര്യങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തുകയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി ഇന്ത്യൻ രൂപ) യൂസഫലി അവർക്ക് നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.
അതേസമയം, ബെക്സ് കൃഷ്ണനെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചത് മനുഷ്യനെ മനുഷ്യൻ സഹായിക്കണമെന്ന വിശ്വാസമുള്ളതുകൊണ്ടാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. മരിച്ച സുഡാനി ബാലന്റെ ബന്ധുക്കൾക്ക് ബ്ളഡ് മണിയായി തുക ജനുവരിയിൽ തന്നെ കെട്ടിവച്ചതാണ്. ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് താൻ രക്ഷപ്പെട്ടതും ഇതുമായി ബന്ധമില്ല. സുഡാനി കുടുംബവുമായി പലവട്ടം ചർച്ചകൾ നടത്തി. കുട്ടിയുടെ അമ്മ നിയമം നടക്കട്ടെയെന്ന നിലപാടിലായിരുന്നു. ബെക്സിന് കുടുംബവും ഭാര്യയും അച്ഛനമ്മമാരും ഉണ്ടെന്നും അവരെ ഓർക്കണമെന്നും ഒക്കെ പറഞ്ഞ് അവരെ അനുനയിപ്പിച്ചാണ് മോചനം സാദ്ധ്യമാക്കിയത്