ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന നടി താനാണെന്ന് അവകാശപ്പെട്ട് ബോളിവുഡ് താരം കങ്കണ റനാവത്. അതേസമയം ജോലി ഇല്ലാതിരുന്നതിനാൽ കഴിഞ്ഞ വർഷം തനിക്ക് ചുമത്തിയ നികുതിയുടെ പകുതിമാത്രമേ അടയ്ക്കാൻ കഴിഞ്ഞുളളുവെന്നും അവർ പറയുന്നു. അടയ്ക്കാത്ത തുകയ്ക്ക് സർക്കാർ പലിശ ഈടാക്കുകയാണെങ്കിൽ അതിൽ തനിക്ക് പ്രശ്നമില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇത്തരമൊരു പ്രതികണം നടത്തിയിരിക്കുന്നത്.
ഞാൻ ഏറ്റവും നികുതി അടയ്ക്കുന്നവരുടെ കൂട്ടത്തിലാണ്. എന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി അടയ്ക്കുന്നു. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന നടിയാണെങ്കിലും ജോലിയില്ലാത്തതുകാരണം കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി ഇതുവരെ അടച്ചിട്ടില്ല. ഇത് ജീവിതത്തില്‍ ആദ്യമാണ്.
ഞാൻ നികുതി അടയ്ക്കാൻ വെെകി. പക്ഷേ അടയ്ക്കാത്ത നികുതി പണത്തിന് സർക്കാർ പലിശ ഈടാക്കുന്നുണ്ട്. എന്നിട്ടും ഞാൻ ഈ നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. വ്യക്തി എന്ന നിലയിൽ എല്ലാവർക്കും മോശം സമയമായിരിക്കും, എന്നാൽ ഒരുമിച്ച് നിന്നാൽ ഈ സമയത്തെക്കാൾ ശക്തരാണ് നമ്മളെന്നും കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച തലെെവി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് കങ്കണ. ഈ ചിത്രം ഏപ്രിൽ 23ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. തേജസ്, മണികർണിക റിട്ടേൺസ്: ലെജന്റ്സ് ഒഫ് ദിദ്ദ, ധാക്കഡ് തുടങ്ങിയ കങ്കണയുടെ ചിത്രങ്ങൾ പണിപ്പുരയിലാണ്.