kk

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ രോഗികളും ആരോഗ്യ പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. ചോര ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജനറൽ വാർഡിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റാൻ വൈകിയത് രോഗികൾ ചോദ്യം ചെയ്തു. ബഹളത്തിന്‍റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡോക്ടർ,​ രോഗികൾ ആക്രമിക്കാൻ തുനിഞ്ഞെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഉദരസംബന്ധമായ അസുഖമുള്ള കൊവിഡ് രോഗി ജനറൽ വാർഡിൽ വച്ച് ഇന്നലെ രാത്രി ഗുരുതരാവസ്ഥയിലായി ചോര ഛർദ്ദിക്കുകയായിരുന്നു. ഐ.സിയുവിലേക്ക് മാറ്റാനായി ഡോക്ടർമാർ എത്താൻ വൈകിയെന്നാരോപിച്ച് രോഗിയെ കുടെയുള്ളവർ ഒരു വീൽചെയറിൽ കയറ്റി വാർഡിന് പുറത്ത് എത്തിച്ചു. മതിയായ ശുശ്രൂഷ നൽകുന്നില്ലെന്ന് ആരോപിച്ച് ആരോഗ്യ പ്രവർത്തകരുമായി രോഗികൾ രൂക്ഷമായ വാക്കു തർക്കത്തിൽ ഏർപ്പെട്ടു.

രോഗികൾ ബഹളം വയ്ക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജൂനിയർ റസിഡന്റ് ഡോക്ടർ ജോലിചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.

എന്നാൽ തങ്ങളോട് ആരോഗ്യ പ്രവർത്തകരാണ് തട്ടിക്കയറിയതെന്ന് രോഗികൾ പറയുന്നു. ദൃശ്യം പകർത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് രോഗികൾ കളക്ടർക്ക് പരാതി നൽകി. ആശുപത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രിയും വിവരങ്ങൾ തേടിയിട്ടുണ്ട്.