പാരിസ്: അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിന് ഭീമൻ തുക പിഴയീടാക്കി ഫ്രഞ്ച് അധികൃതർ. ഡിജിറ്റല്‍ പരസ്യ മേഖലയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി 26.8 കോടി ഡോളര്‍ പിഴയിട്ടത്. എതിരാളികളെ ബാധിക്കുന്ന വിധം ഗൂഗിള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകൾക്ക് മുന്‍ഗണന നല്‍കിയെന്നാണ് അധികൃതർ കണ്ടെത്തിയത്.
ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിൾ ദുരുപയോഗം ചെയ്തെന്ന് കാട്ടി 2019 ൽ റൂപര്‍ട് മര്‍ഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ-ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവര്‍ ചേര്‍ന്ന് നൽകിയ പരാതിയിലാണ് നടപടി. ഗൂഗിൾ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകളായ ആഡ്-എക്സിനും ഡബിൾക്ലിക്ക് ആഡ് എക്സ്‌ചെയ്ഞ്ചിനും പരിധിയിലധികം മുൻഗണന നൽകി മാർക്കറ്റിൽ അവർക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായാണ് പരാതിയിൽ പറയുന്നു. നടപടിക്കുപിന്നാലെ പരസ്യസേവനങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.മുമ്പും ഫ്രാന്‍സില്‍ ഗൂഗിളിന് പിഴയിട്ടിരുന്നു. 2019 ഡിസംബറില്‍ സമാനമായ കേസില്‍ 150 മില്യന്‍ യൂറോയാണ് പിഴയൊടുക്കേണ്ടിവന്നത്.