k-surendran

ന്യൂഡൽഹി:വിവാദങ്ങൾ മാദ്ധ്യമസൃഷ്ടിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. താൻ ഡൽഹിയിലെത്തിയത് സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ ചില പാർട്ടി പരിപാടികളുമായി ബന്ധപ്പെട്ടാണെന്നും, നേതൃത്വം വിളിപ്പിച്ചതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തന്റെ വരവിന് ഇപ്പോഴുള്ള വിവാദങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം, പണമിടപാട് വിവാദം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി. ആരോപണങ്ങളുടെ നിഴലിലാണ്. വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം വിവിധതലങ്ങളിൽ അന്വേഷണം നടത്തിവരികയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാനാണ് സുരേന്ദ്രൻ ഡൽഹിയിൽ എത്തിയിരിക്കുന്നതെന്ന രീതിയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട് ദിവസം സുരേന്ദ്രൻ ഡൽഹിയിലുണ്ടാകും. ബി ജെ പിയുടെ കേന്ദ്ര നേതാക്കളുമായും, കേന്ദ്രമന്ത്രിമാരുമായും ആദ്ദേഹം കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരനും ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് സൂചന.

അതേസമയം സി.കെ. ജാനുവിന് പണം കൊടുത്തുവെന്ന ആരോപണം കണ്ണൂരിൽ സി.പി.എം. നേതാവ് പി. ജയരാജനും പ്രസീതയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാക്കിയതാണെന്നും, തന്റെ കൈയിൽ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.