muttiltree-feelling-case

കോഴിക്കോട്: മുട്ടിൽ മരംമുറിക്കൽ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. മരംമുറിക്കലുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ തേടി ഇഡി വനംവകുപ്പിന് കത്ത് നൽകി. ജൂൺ മൂന്നിനാണ് കത്ത് നൽകിയത്. ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാരോ വനംവകുപ്പോ മറുപടി നൽകിയിട്ടില്ല.

ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരാനായിട്ടാണ് വനംവകുപ്പ് കാത്തിരിക്കുന്നതെന്നാണ് സൂചന. കത്തിന് വനംവകുപ്പ് മറുപടി നൽകാതിരിക്കുന്ന പക്ഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമപരമായി നീങ്ങിയേക്കും. അങ്ങനെയാണെങ്കിൽ ഇ.ഡി. നോട്ടീസ് നൽകാനും സാദ്ധ്യതയുണ്ട്.


പരാതി, എഫ്.ഐ.ആർ, മഹസ്സർ എന്നിവയുടെ പകർപ്പും, ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങളുമാണ് ഇഡി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മരംമുറിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്. അതിനാൽ കള്ളപ്പണം ആയേക്കുമെന്ന സംശയവും ഇഡിയ്ക്കുണ്ട്.