hosp

ന്യൂഡൽഹി: ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ രണ്ട് കൊവിഡ് രോഗികളിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മോണോക്ളോണൽ ആന്റിബോഡി ചികിത്സാ രീതി പരീക്ഷിച്ചു വിജയിച്ചതായി ആശുപത്രി പത്രകുറിപ്പ് ഇറക്കി. ചികിത്സ ആരംഭിച്ച് 12 മണിക്കൂറിനുള്ളിൽ രണ്ട് രോഗികളും സുഖം പ്രാപിച്ച് ആശുപത്രിവിട്ടതായി ആശുപത്രി അധികൃതർ അവകാശപ്പെട്ടു.

36 വയസുള്ള ഒരു ആരോഗ്യപ്രവർത്തകനിലും 80 വയസിനു മേൽ പ്രായമുള്ള പി കെ റസ്ദാൻ എന്ന ഡയബറ്റിക് രോഗിയിലുമാണ് പുതിയ ചികിത്സാ രീതി പരീക്ഷിച്ചതെന്നും രണ്ട് പേരും കോവിഡിൽ നിന്നും സൗഖ്യം പ്രാപിച്ചുവെന്നും ആശുപത്രി പുറത്തിറക്കിയ പത്രകുറിപ്പിൽ പറഞ്ഞു. ആരോഗ്യപ്രവർത്തകന് കടുത്ത പനി, ചുമ, ശരീരവേദന, കടുത്ത തളർച്ച എന്നീ രോഗലക്ഷണങ്ങൾ ഉണ്ടായിരന്നു.

രണ്ടാമത്തെ രോഗിയായ റസ്ദാന് കടുത്ത പനിയും ശരീര വേദനയും കൂടാതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരുന്നു. കൂടാതെ ഹൈപർടെൻഷനും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ആശുപത്രിയുടെ പത്രികുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജൻ അളവും ആശങ്കയുണ്ടാക്കുന്നതായിരുന്നു.

ശരിയായ രീതിയിൽ ശരിയായ സമയത്ത് ഉപയോഗിച്ചാൽ മോണോക്ളോണൽ ആന്റിബോഡി കൊവിഡ് ചികിത്സാ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് ആശുപത്രിയിലെ സീമിയർ കൺസൾട്ടന്റ് ആയ പൂജാ ഖോസ്ല മാദ്ധ്യമങ്ങളോട് പറഞ്ഞു. കടുത്ത രോഗികളിൽ പോലും ഈ ചികിത്സാ രീതി കൊണ്ട് ആശുപത്രി വാസം ഒഴിവാക്കാൻ സാധിക്കുമെന്നും സ്റ്റിറോയിഡ് പോലുള്ള മരുന്നുകൾ കൊവിഡ് ചികിത്സയിൽ നിന്നും ഒഴിവാക്കാൻ സാധിക്കുമെന്നും ഡോക്ടർ പറഞ്ഞു.