കൽപ്പറ്റ: മുട്ടിൽ മരംമുറിയെക്കുറിച്ച് മുൻ വനംമന്ത്രി കെ രാജുവിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. കേസിലെ പ്രതിയായ റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നിയുടേതാണ് വെളിപ്പെടുത്തൽ. മരംകൊള്ള തടഞ്ഞില്ലെങ്കിൽ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് താനുൾപ്പടെയുള്ള മരവ്യാപാരികൾ രേഖാമൂലം പരാതി നൽകിയിരുന്നനെന്നും, എന്നാൽ നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു
നിയമം ലംഘിച്ച് സർക്കാർ മരം മുറിക്കാൻ റോജി ശ്രമിച്ചതോടെയാണ് ടിംബർ മർച്ചന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ബെന്നി ഇയാളുമായി പിരിയുന്നത്. ഇതിനുപിന്നാലെ താൻ സംഘടന പ്രതിനിധികൾക്കൊപ്പം തിരുവനന്തപുരത്തെത്തി വനം മന്ത്രിയുൾപ്പടെയുള്ളവർക്ക് പരാതി നൽകിയെന്നാണ് ബെന്നി പറയുന്നത്.
ഉത്തരവുണ്ടാക്കാൻ മുൻ റവന്യു വനം മന്ത്രിമാർ സഹായിച്ചുവെന്ന് റോജി പലതവണ പറഞ്ഞിട്ടുണ്ടെന്നും ബെന്നി ആരോപിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബെന്നി.