ന്യൂഡൽഹി: ഡൊമിനിക്കയിൽ തടവിൽ കഴിയുന്ന വജ്ര വ്യാപാരി മെഹുൽ ചോക്‌സിയെ അനധികൃത കുടിയേറ്റക്കാരനായി ഡൊമിനിക്ക പ്രഖ്യാപിച്ചു. ഇതോടെ ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ത്യയിൽ നിന്ന് മുങ്ങിയ ചോക്‌സിയെ തിരികെ ഇന്ത്യയിലെത്തിക്കാനുളള വഴി ഒന്നുകൂടി സുഗമമായി.
രാജ്യത്ത് അതിക്രമിച്ച് കടന്നതിനാണ് ഡൊമിനിക്ക സർക്കാർ ചോക്‌സിയെ ജയിലിലടച്ചത്. ഇതിനെതിരെ കോടതിയിൽ ജാമ്യത്തിനായി ശ്രമിക്കുകയായിരുന്നു ചോക്‌സി. മരുമകൻ ലളിത് മോദിക്കൊപ്പം 13,500 കോടിയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ പ്രതിയായതോടെയാണ് വജ്ര വ്യാപാരിയായ ചോക്‌സി ഇന്ത്യ വിട്ട് കരീബിയൻ രാജ്യമായ ബാർബഡ ആന്റ് ആന്റിഗ്വയിലെത്തിയത്. ഇയാൾക്ക് ഇവിടെ പൗരത്വവുമുണ്ടായിരുന്നു.
പിന്നീട് മേയ് 23 മുതൽ ഇയാളെ ഇവിടെ നിന്നും കാണാതായി. ഇന്ത്യൻ സംഘം ചോക്‌സി ആന്റിഗ്വയിലുണ്ടെന്നറിഞ്ഞ് പിടികൂടാൻ ആലോചിക്കുമ്പോഴായിരുന്നു ഇയാളെ കാണാതായത്. ക്യൂബയിലേക്ക് കടന്നെന്നായിരുന്നു സൂചന. എന്നാൽ ഇതിനിടെ അടുത്തുളള രാജ്യമായ ഡൊമിനിക്കയിൽ ചോക്‌സി പിടിയിലാകുകയായിരുന്നു.
തന്നെ തട്ടിക്കൊണ്ടുവന്നതാണെന്നും താൻ വിശ്വസിച്ച യുവതിയും തന്നെ ചതിച്ചെന്നും ചോക്‌സി ആന്റിഗ്വൻ പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് ചോക്‌സിയെ അനധികൃത കുടിയേറ്റക്കാരനായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെത്തിച്ച് ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ ചോക്‌സിയെ വിചാരണ ചെയ്യാനുളള ഇന്ത്യൻ ശ്രമങ്ങൾക്ക് ഫലം കാണുന്നതായാണ് സൂചന.