sajitha-rahman

പാലക്കാട്: പ്രണയിനിയായ അയൽക്കാരിയെ യുവാവ് പത്ത് വർഷം വീട്ടിലൊളിപ്പിച്ച സംഭവത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് അയൽവാസികൾ. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അയിലൂർ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി പരിശോധന നടത്തി.

2010 ഫെബ്രുവരിയിലാണ് അയിലൂർ സ്വദേശിയായ യുവതിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. അന്ന് അന്വേഷണ സംഘം നാടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത യുവതിയാണ് തൊട്ടടുത്ത വീട്ടിൽ പത്ത് വർഷം ഒളിച്ചുതാമസിച്ചതെന്ന് പറയുന്നത്. ഇതാണ് നാട്ടുകാരുടെ സംശയങ്ങൾക്ക് ആക്കംകൂട്ടുന്നത്.

മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉൾപ്പെടുന്ന തന്റെ കൊച്ചുവീട്ടിലാണ് ആരുമറിയാതെ റഹ്മാൻ എന്ന യുവാവ് പ്രണയിനിയായ സജിതയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. വീടിന് മൂന്നു മുറിയും ഇടനാഴിയുമാണ് ഉള്ളത്. ഇലക്ട്രിക് ജോലിയിൽ വിദഗ്ദ്ധനായ യുവാവ് മുറിപൂട്ടാൻ വാതിലിന് അകത്തും പുറത്തും യന്ത്ര സംവിധാനം ഘടിപ്പിച്ചു. സ്വിച്ചിട്ടാൽ ലോക്കാവുന്ന ഓടാമ്പലും സജ്ജീകരിച്ചു. രണ്ടുവയറുകൾ വാതിലിന് പുറത്തേക്കിട്ടിരുന്നതിൽ തൊട്ടാൽ ഷോക്കടിക്കുമെന്ന പേടിമൂലം വീട്ടുകാർ റൂമിനടുത്തേക്ക് പോകാതായി.ആർക്കും സംശയം തോന്നാതിരിക്കാൻ ഇയാൾ മാനസിക വിഭ്രാന്തിയുള്ളതായി അഭിനയിച്ചു. ഭക്ഷണം സ്വന്തം മുറിയിൽ കൊണ്ടുപോയി കഴിച്ചു.

പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഒരിക്കൽ റഹ്മാനെ മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയിരുന്നു. ഇതോടെ എല്ലാ കാര്യങ്ങളും ബന്ധുക്കളറിയുമെന്ന് ഭയമായി. മൂന്നുമസം മുമ്പാണ് യുവാവ് സജിതയേയും കൂട്ടി വീടുവിട്ടിറങ്ങിയത്. കഴിഞ്ഞദിവസം നെന്മാറയിൽവച്ച് സഹോദരൻ കണ്ടതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്.