കൊൽക്കത്ത: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ വലിയ ഒഴുക്കായിരുന്നു ബംഗാളിൽ. ഇത്തവണ ബംഗാൾ ബിജെപി പിടിക്കും എന്നൊരു പ്രതീതി അതോടെ സൃഷ്‌ടിക്കപ്പെട്ടു. വലിയ കൊഴുപ്പേറിയ പ്രചരണം വന്ന നേതാക്കളിൽ പലർക്കും നടന്നതോടെ അത് ശരിയാകുമെന്ന് പലരും കരുതി.
എന്നാൽ ജനവിധി മറ്റൊന്നായിരുന്നു. കഴിഞ്ഞ തവണത്തേതിനെക്കാൾ രണ്ട് സീറ്റ് അധികം നൽകി 213 സീറ്റുകളിൽ തൃണമൂലിനെ ജനം വിജയിപ്പിച്ചു. 3 സീറ്റുകൾ നേടിയ 2016ലേതിനെക്കാൾ ഏറെ മുന്നേറി 77 സീറ്റുകൾ നേടിയെങ്കിലും ഭരണം നേടാനാവശ്യമായതിന്റെ പകുതി മാത്രമേ ബിജെപിയ്‌ക്ക് നേടാനായുളളൂ. ഇത് മറുകണ്ടം ചാടിയ പുതിയ ബിജെപി നേതാക്കളിൽ പലർക്കും തിരികെ തൃണമൂലിലേക്ക് പോകുന്നതാണ് നല്ലതെന്ന ഉൾവിളിയുണ്ടാക്കി.
മമതാ ബാനർജിയോട് ക്ഷമ ചോദിക്കാനും നിരുപാധികം പാർട്ടിപ്രവർത്തനം നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മമതയെയും മുഖ്യമന്ത്രിയുടെ വിശ്വസ്‌തരെയും വന്നുകാണുകയാണ് ഈ നേതാക്കൾ. ഇക്കൂട്ടത്തിൽ ഏറ്റവും വലിയ പേര് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ മുകുൾ റോയിയാണ്. 2017ൽ മമതയുമായി പിണങ്ങി ബിജെപിയിൽ ചേർന്ന റോയി മമതയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചും മുന്നിലുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് വിളിച്ച യോഗത്തിൽ നിന്ന് മുകുൾ റോയി വിട്ടുനിന്നതോടെ പാർട്ടിയിൽ നിന്നും അകലുന്നതായി സൂചനകൾ പുറത്തുവന്നു. ഇതിനുമുൻപ് മേയ് ഏഴിന് ചേർന്ന യോഗത്തിലും മുകുൾ റോയി പങ്കെടുത്തില്ല. അതിനിടെ കൊവിഡ് ബാധിതയായ മുകുൾ റോയിയുടെ പത്നിയുടെ സുഖവിവരമറിയാൻ മമതാ ബാനർജിയുടെ മരുമകനായ അഭിഷേക് ബാനർജി മുകുളിനെ സന്ദർശിക്കുകയും ചെയ്‌തു. ഇതോടെ ഈ ഊഹത്തിന് ശക്തിയേറി.
മമതയെ നന്ദിഗ്രാമിൽ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയും യോഗത്തിനെത്തിയിരുന്നില്ല. എന്നാൽ അദ്ദേഹം ഡൽഹിയിൽ പാർട്ടി പ്രസിഡന്റ് ജെ.പി നഡ്‌ദയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രിയെയും കാണാൻ പോയതാണെന്നായിരുന്നു പാർട്ടി വിശദീകരണം.
പ്രധാനമന്ത്രിയും അമിത്‌ഷായും മുന്നിട്ടിറങ്ങി നടപ്പിലാക്കിയ 'ഓപ്പറേഷൻ കമൽ' ഇപ്പോൾ തിരിച്ചടിക്കുന്നതായും 'റിവേഴ്‌സ് ഓപ്പറേഷൻ കമൽ' നടക്കുന്നതിനുളള സാഹചര്യം ഒരുങ്ങിയിരിക്കുന്നതായാണ് തൃണമൂൽ സംസാരം.