മണിപ്പൂർ: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും മണിപൂരിൽ നിന്നുമുള്ള ബോക്സറുമായ ഡിംഗോ സിംഗ് അന്തരിച്ചു. കരളിലെ അർബുദബാധയെ തുടർന്ന് 2017 മുതൽ ചികിത്സയിലായിരുന്നു 42 കാരനായ ഡിംഗോ. 54 കിലോ ബാൻ്റം വെയ്റ്റ് വിഭാഗത്തിൽ മത്സരിച്ചിരുന്ന ഡിംഗോ, മേരി കോം അടക്കമുള്ള ഒരു പറ്റം താരങ്ങളെ ബോക്സിംഗിലേക്ക് കൊണ്ടു വരുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു.
കഴിഞ്ഞ വർഷം അർബുദ രോഗത്തോടൊപ്പം മഞ്ഞപ്പിത്തവും കൊവിഡും ബാധിച്ചതിനെ തുടർന്ന് ഡിംഗോയുടെ നില കുറച്ച് വഷളായിരുന്നു.
പത്താം വയസിൽ തന്റെ ആദ്യ ബോക്സിംഗ് മെഡൽ നേടിയ ഡിംഗോ 1998ൽ നടന്ന ഏഷ്യൻ ഗെയിംസിലെ മാസ്മരിക പ്രകടനത്തിനു ശേഷം ഇന്ത്യൻ ബോക്സിംഗിന്റെ മുഖം ആയി മാറുകയായിരുന്നു. നിരവധി തവണ കളത്തിനു പുറത്തുള്ള ചരടുവലികളുടെ ഇരയായിട്ടുള്ള ഡിംഗോ, 1998 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ആദ്യം അംഗമായിരുന്നുവെങ്കിലും പിന്നീട് ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ കാരണം ടീമിൽ നിന്ന് പുറത്തായി. തുടർന്ന് നിരവധി നിയമപോരാട്ടങ്ങളിലൂടെ ടീമിൽ തിരിച്ചെത്തിയ ഡിംഗോ, ആ ഏഷ്യൻ ഗെയിംസിന്റെ 54 കിലോ ബാന്റം വെയിറ്റ വിഭാഗത്തിൽ സ്വർണമെഡൽ നേടികൊണ്ടാണ് പകരം വീട്ടിയത്. 16 വർഷങ്ങൾക്കു ശേഷം ഒരു ഇന്ത്യക്കാരൻ ഏഷ്യൻ ഗെയിംസ് ബോക്സിൽ നേടുന്ന ആദ്യ സ്വർണം എന്നതിലുപരി രാജ്യത്തെ ബോക്സിംഗ് രംഗത്തെ അടിമുടി മാറ്റാൻ ആ ഒരൊറ്റ സ്വർണനേട്ടത്തിനു സഹായിച്ചു.
ഡിംഗോ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര കായികമന്ത്രിയുമടക്കമുള്ള നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.
ഡിംഗോ സിംഗ് തന്റെ ബാല്യകാല ഹീറോ ആയിരുന്നുവെന്നും തനിക്ക് ബോക്സിംഗിൽ താത്പര്യം ഉണ്ടായത് അദ്ദേഹത്തിന്റെ മത്സരങ്ങൾ കണ്ടതിനു ശേഷമാണെന്നും ഡിംഗോ സിംഗിന്റെ ബോക്സിംഗ് മത്സരങ്ങൾ കാണുന്നതിനു വേണ്ടി താൻ മണിക്കൂറുകളോളം ക്യൂ നിന്നിട്ടുണ്ടെന്നും ഇന്ത്യൻ വനിതാ ബോക്സിംഗ് താരം മേരി കോം പറഞ്ഞു.
I’m deeply saddened by the demise of Shri Dingko Singh. One of the finest boxers India has ever produced, Dinko's gold medal at 1998 Bangkok Asian Games sparked the Boxing chain reaction in India. I extend my sincere condolences to the bereaved family. RIP Dinko🙏 pic.twitter.com/MCcuMbZOHM
— Kiren Rijiju (@KirenRijiju) June 10, 2021