കണ്ണൂർ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ഗൂഢാലോചനയ്‌ക്കായി ജെ.ആർ.പി നേതാവ് പ്രസീത താനുമായി കൂടിക്കാഴ്‌ച നടത്തി എന്ന ആരോപണം നിഷേധിച്ച് പി.ജയരാജൻ. സുരേന്ദ്രന്റെ ആരോപണം അപ്രസക്‌തമാണ്. പ്രസീതയുടെ വെളിപ്പെടുത്തൽ പ്രസക്തമാണെന്നും അതിന് കെ.സുരേന്ദ്രൻ മറുപടി നൽകണമെന്നും പി.ജയരാജൻ ആവശ്യപ്പെട്ടു.
തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രൻ ഇപ്പോൾ നടത്തുന്ന ആക്ഷേപങ്ങൾ. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന് പകരം പണാധിപത്യമാക്കി മാറ്റാൻ ബിജെപി ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ കളളപ്പണം ഉപയോഗിച്ചു എന്ന ആരോപണമുണ്ട്. ഇതിന് മറുപടി നൽകാൻ ബാദ്ധ്യസ്ഥനായ സുരേന്ദ്രൻ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാൻ ശ്രമം നടത്തുകയാണെന്നും പി.ജയരാജൻ ആരോപിച്ചു. ഇതുകൊണ്ടൊന്നും ബിജെപി രക്ഷപെടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസീദയുടെ ആരോപണത്തിനാണ് സുരേന്ദ്രൻ മറുപടി തരേണ്ടതെന്നും കൃത്യമായ തെളിവുമായി വന്നാൽ സുരേന്ദ്രന് മറുപടി നൽകാമെന്നും പി.ജയരാജൻ പറഞ്ഞു. പി.ജയരാജനെ അടുത്തെങ്ങും താൻ കണ്ടിട്ടേയില്ലെന്ന് ജെ.ആർ.പി നേതാവ് പ്രസീതയും അറിയിച്ചു.
സി.കെ. ജാനുവിനെ ഉപയോഗിച്ചുളള വിവാദം പി.ജയരാജനും പ്രസീതയും ചേർന്ന് ആലോചിച്ച് നടപ്പാക്കിയതാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ ആരോപണം.