ഫുട്ബാളിന്റെ ഉത്സവരാത്രികൾക്ക് സ്വാഗതം.യൂറോപ്പിൽ ഇനി കാൽപ്പന്തുകളിയുടെ ആരവം. ഇന്ന് രാത്രി 12.30ന് യൂറോപ്പിലെ 11 നഗരങ്ങളിലായി യൂറോകപ്പിന് വിസിൽ മുഴങ്ങുകയാണ്. ഇറ്റലിയും തുർക്കിയുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. നാലു ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായി 24 ടീമുകളാണ് യൂറോ കപ്പിൽ മാറ്റുരയ്ക്കുന്നത്.
ഈ യൂറോയിലെ ഗ്രൂപ്പുകളെയും ടീമുകളെയും വിശദമായി പരിചയപ്പെടാം
ഇറ്റലിയുടെ ബറ്റാലിയൻ റെഡി
ഗ്രൂപ്പ് എ
തുർക്കി
ഇറ്റലി
വെയിൽസ്
സ്വിറ്റ്സർലാൻഡ്
കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാഞ്ഞ ഇറ്റലി അതിന് ശേഷം പാടേ മാറിയിട്ടുണ്ട്. യൂറോ യോഗ്യതാ റൗണ്ടിൽ പത്തിൽ പത്തു കളികളും ജയിച്ചു. ആകെ അടിച്ചത് 37 ഗോളുകൾ. വഴങ്ങിയത് നാലെണ്ണം മാത്രം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാതെ തുടർവിജയങ്ങൾ. ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ, ഡിഫൻഡർമാരായ ലിയൊനാർഡോ ബൊന്നൂച്ചി, ജോർജിയോ കെല്ലിനി, മിഡ്ഫീൽഡർമാരായ ജോർജീഞ്ഞോ, മാർകോ വെരാറ്റി, ഫോർവേഡുകളായ ഫെഡെറിക്കോ ബെർണാഡെസ്കി, സിറോ ഇമ്മൊബീലെ തുടങ്ങിയവർ പ്രധാന താരങ്ങൾ.
2002 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിച്ച സെനോൽ ഗുനെസ് തന്നെയാണ് 19 വർഷങ്ങൾക്കു ശേഷം യൂറോയിൽ തുർക്കി ടീമിന്റെ പരിശീലകൻ. 2019ലാണ് ഗുനെസ് വീണ്ടും ദേശീയ ടീമിന്റെ ചുമതലയേറ്റെടുത്തത്. 2008ൽ സെമിഫൈനലിലെത്തിയതാണു യൂറോയിലെ തുർക്കിയുടെ മികച്ച നേട്ടം. മുപ്പത്തഞ്ചുകാരൻ സ്ട്രൈക്കർ ബുറാക് യിൽമാസിൽ തുർക്കി വലിയ പ്രതീക്ഷയർപ്പിക്കുന്നു.
ക്യാപ്ടൻ ഗാരേത് ബെയ്‌ലിന്റെ പരിചയസമ്പത്തിലാണ് വെയ്ൽസിന്റെ പ്രതീക്ഷകൾ എല്ലാം. ആരോൺ റാംസെയും ജോ അലനുമാണു പരിചയസമ്പന്നരായ മറ്റു താരങ്ങൾ. കഴിഞ്ഞ യൂറോയിൽ സെമിഫൈനലിലെത്തിയിരുന്നു. മധ്യനിരയിലും പ്രതിരോധത്തിലും മിന്നിക്കളിക്കുന്ന ഏതൻ അംപാഡു ഉറ്റുനോക്കേണ്ട താരം.പരിശീലകൻ റയാൻ ഗിഗ്സ് കേസിലകപ്പെട്ടു പുറത്തായതിനാൽ ഇടക്കാല പരിശീലകൻ റോബർട്ട് പേജിനു കീഴിലാണു വെയ്ൽസ് എത്തുന്നത്.
രാജ്യത്തിനു വേണ്ടി 100–ാം മത്സരം കളിക്കാനൊരുങ്ങുന്ന ക്യാപ്ടൻ ഗ്രാനിറ്റ് ഷാക്കയിലാണു പ്രതീക്ഷ.ഷെർദാൻ ഷക്കീരി, ഫേബിയൻ ഷാർ, റിക്കാർഡോ റോഡ്രിഗസ്, ഹാരിസ് സെഫറോവിച്ച് തുടങ്ങിയവരും ടീമിലുണ്ട്.പെറ്റ്കോവിച്ച് പരിശീലക സ്ഥാനമേറ്റെടുത്ത ശേഷം എല്ലാ മേജർ ചാമ്പ്യൻഷിപ്പുകൾക്കും സ്വിറ്റ്സർലൻഡ് യോഗ്യത നേടിയിട്ടുണ്ട്.
ബെൽ മുഴക്കാൻ ബെൽജിയം
ഗ്രൂപ്പ് ബി
ഫിൻലാൻഡ്
റഷ്യ
ഡെന്മാർക്ക്
ബെൽജിയം
കഴിഞ്ഞ യൂറോകപ്പിൽ ക്വാർട്ടർ ഫൈനലിൽ വെയിൽസിനോട് തോറ്റ് പുറത്തായവരാണ് ബെൽജിയം.2018 ലോകകപ്പിലെ കറുത്തകുതിരകളായി മാറിയത് ബെൽജിയം ആയിരുന്നു.സെമിഫൈനലിൽ ഫ്രാൻസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കേണ്ടിവന്ന ബെൽജിയം ലൂസേഴ്സ് ഫൈനലിൽ ഇംഗ്ളണ്ടിനെ 2-0ത്തിന് തോൽപ്പിച്ച് മൂന്നാം സ്ഥാനക്കാരായി. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയിലെ പ്ളേമേക്കർ കെവിൻ ഡി ബ്രുയാനാണ് ബെൽജിയത്തിന്റെ തുറുപ്പുചീട്ട്. ഇറ്റാലിയൻ ക്ളബ് ഇന്റർമിലാന്റെ സൂപ്പർ സ്ട്രൈക്കർ റൊമേലു ലുക്കാക്കു,പഴയ പടക്കുതിര ഏദൻ ഹസാഡ് തുടങ്ങിയവരും സംഘത്തിലുണ്ട്.
ഗ്രൂപ്പിൽ ബെൽജിയത്തിന് വെല്ലുവിളി ഉയർത്താൻ അൽപ്പമെങ്കിലും ശേഷിയുള്ളത് റഷ്യയാണ്. കഴിഞ്ഞ ലോകകപ്പിൽ ആതിഥ്യം വഹിച്ച റഷ്യയ്ക്ക് ക്വാർട്ടറിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്താകേണ്ടിവന്നു.കഴിഞ്ഞ യൂറോകപ്പിൽ ഗ്രൂപ്പ്സ്റ്റേജ് കടക്കാൻ കഴിഞ്ഞിരുന്നില്ല. ഡെന്മാർക്ക് 2012ന് ശേഷം ആദ്യമായാണ് യൂറോയ്ക്ക് എത്തുന്നത്.ഫൻലാൻഡിന്റെ ആദ്യ യൂറോകപ്പാണിത്.
ഒാറഞ്ചുപടയുടെ വിറ്റാമിൻ സി
ഗ്രൂപ്പ് സി
ഹോളണ്ട്
ഉക്രൈൻ
മാസിഡോണിയ
ആസ്ട്രിയ
പരിക്കിൽ നിന്ന്മോചിതനാകാത്ത ഡിഫൻഡർ വിർജിൽ വാൻ ഡിക്കിനെക്കൂടാതെയാണ് യൂറോയ്ക്ക് എത്തുന്നതെങ്കിലും ഓറഞ്ചുപടയുടെ വിറ്റാമിൻ ശേഖരത്തിന് കുറവില്ല. വലൻസിയ ഗോൾകീപ്പർ ജാസ്പർ സിയെസ്സൻ, ഡിഫൻഡർ മത്യാസ് ഡി ലിറ്റ്, മിഡ്ഫീൽഡർ ഫ്രാങ്ക് ഡി ജോംഗ്, ജോർജീനിയോ വിനാൽഡം,മെംഫിസ് ഡെപേയ്. എന്നിവരെല്ലാം മിടുക്കന്മാർ
എസി മിലാനിൽ കളിച്ച് ചാമ്പ്യൻസ് ലീഗും ബാൾ ഓൺഡി ഓർ പുരസ്കാരവും നേടിയ ആന്ദ്രെ ഷെവ്ചെങ്കോയെന്ന ഇതിഹാസതാരത്തെ പരിശീലകനാക്കിയാണ് ഉക്രൈന്റെ വരവ്. മാഞ്ചസ്റ്റർ സിറ്റി താരമായ ഒലക്സാണ്ടർ സിഞ്ചെങ്കോയും ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുടെ മിഡ്ഫീൽഡറായ റുസ്‌ലാൻ മാലിനോവ്സ്കിയുമാണ് കളി നിയന്ത്രിക്കുന്നത്. ബൽജിയം ക്ലബ് ഗെന്റിന്റെ താരമായ റൊമാൻ യാരെംചുകാണ് പ്രധാന സ്ട്രൈക്കർ..
കഴിഞ്ഞ വട്ടം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായവരാണ് ആസ്ട്രിയ. ഇത്തവണ യോഗ്യത നേടാൻ കഷ്ടപ്പെടേണ്ടി വന്നു. ബയൺ മ്യൂണിക്കിൽനിന്ന് അടുത്ത സീസണിൽ റയൽ മഡ്രിഡിലേക്കു പോകുന്ന ഡേവിഡ് അലബയാണ് ടീമിലെ പരിചിതമുഖം.
യുവേഫ നേഷൻസ് ലീഗിലെ താഴേത്തട്ടിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായിനാലാണ് നോർത്ത് മാസിഡോണിയ തങ്ങളുടെ ആദ്യ മേജർ ടൂർണമെന്റിനെത്തുന്നത്. ഗൊരാൻ പാൻഡെവ് ആണ് അവരുടെ ക്യാപ്ടനും സൂപ്പർ താരവും.
ഇംഗ്ളണ്ടിന് ചെക്ക് വയ്ക്കുമോ സ്കോട്ടും ക്രോട്ടും
ഗ്രൂപ്പ് ഡി
ഇംഗ്ളണ്ട്
ക്രൊയേഷ്യ
സ്കോട്ട്ലാൻഡ്
ചെക്ക് റിപ്പബ്ളിക്ക്
കഴിഞ്ഞലോകകപ്പ്സെമിഫൈനലിൽ തങ്ങളെ തോൽപ്പിച്ച ക്രൊയേഷ്യയ്ക്കെതിരായ ഇംഗ്ളണ്ടിന്റെ പോരാട്ടമാണ് ഗ്രൂപ്പ് ഡിയെ ചൂടാക്കുന്നത്. സ്കോട്ട്ലാൻഡും ചെക് റിപ്പബ്ലിക്കുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഹാരി കേൻ നയിക്കുന്ന ഇംഗ്ളീഷ് ടീമിൽ റഹിം സ്റ്റെർലിംഗ്, മാർക്കസ് റാഷ്ഫോഡ്, ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ്, ഹാരി മഗ്വെയർ, കൈൽ വാക്കർ, ജോർദാൻ ഹെൻഡേഴ്സൻ, മേസൻ മൗണ്ട് എന്നിവരെല്ലാം അണിനിരക്കും.
2018ൽ ലോകകപ്പ് ഫൈനൽ കളിച്ചവരാണ് ക്രാെയേഷ്യക്കാർ. ക്യാപ്ടൻ ലൂക്ക മോഡ്രിച്ചാണ് മധ്യനിരയിൽ കളി നിയന്ത്രിക്കുന്നത്. സിമെ വ്രസാൽകോ, ദെജാൻ ലോവ്റെൻ, ദൊമഗോജ് വിദ, ഇവാൻ പെരിസിച്ച്, മാറ്റിയോ കൊവാസിച്ച്, മാർസലോ ബ്രൊസോവിച്ച്, നിക്കോള വ്ലാസിച്ച് എന്നിവർ ഒപ്പമുണ്ട്.
വെസ്റ്റ് ഹാം മിഡ്ഫീൽഡർ ടൊമാസ് സുസെക്, ഹെർത്ത ബെർലിൻ മിഡ്ഫീൽഡർ വ്ലാദിമിർ ദരിദ എന്നിവരാണ് ടീമിലെ ചെക്ക് ടീമിലെ പ്രധാന താരങ്ങൾ.
കാൽ നൂറ്റാണ്ടിനുശേഷമാണ് സ്കോട്ട്ലാൻഡ് യൂറോയ്ക്കു യോഗ്യത നേടിയത്. യോഗ്യതാ ഗ്രൂപ്പിലെ 10 കളികൾക്കു പുറമേ ഇസ്രയേലിനും സെർബിയയ്ക്കും എതിരെ പ്ലേഓഫ് മത്സരങ്ങൾ കളിച്ചു. രണ്ടിലും പെനൽറ്റി ഷൂട്ടൗട്ടിലാണ് ജയിച്ചു കയറിയത്. ആസ്റ്റൻ വില്ല താരം ജോൺ മക്ഗിനാണ് മധ്യനിരയിൽ ടീമിന്റെ കളി നിയന്ത്രിക്കുന്നത്.
ഈ ഗ്രൂപ്പിൽ ആരു സ്റ്റാറാകും ?
ഗ്രൂപ്പ് ഇ
സ്പെയ്ൻ
സ്വീഡൻ
സ്ളൊവാക്യ
പോളണ്ട്
രണ്ട് സൂപ്പർ സ്റ്റാറുകളുടെ അസാവമാണ് ഇ ഗ്രൂപ്പിലെ ഹൈലൈറ്റ്. സ്പെയിൻ താരം സെർജിയോ റാമോസും സ്വീഡിഷ് താരം സ്‌ലാട്ടൻ ഇബ്രാഹിമോവിച്ചും പരിക്കുകാരണമാണ് വിട്ടുനിൽക്കുന്നത്. കൊവിഡ് സ്പാനിഷ് ക്യാപ്ടൻ ബുസ്ക്വെറ്റ്സിന്റെ ആദ്യ മത്സരങ്ങൾക്കും തടയിട്ടു. ഇപ്പോൾ യൂറോപ്പിലെ ഗോളടിയന്ത്രമായ ലെവാൻഡോവ്സ്കയാണ് ഗ്രൂപ്പിലുള്ള സൂപ്പർസ്റ്റാർ.
ഒരു റയൽ മാഡ്രിഡ് കളിക്കാരനും സ്പാനിഷ് ടീമിലില്ലെങ്കിലും താരപ്രഭയ്ക്കു കുറവില്ല. ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ, സെസാർ അസ്പിലിക്യുയേറ്റ , ജോർഡി ആൽബ, എറിക് ഗാർഷ്യ , അയ്മെറിക് ലപോർട്ടെ,റോഡ്രി, മാർകോസ് ലോറന്റെ , അൽവാരോ മൊറാട്ട, ജെറാർഡ് മൊറീനോ തുടങ്ങിയവരെല്ലാം ടീമിലുണ്ട്.
ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ സ്ട്രൈക്കറായ റോബർട്ട് ലെവാൻഡോവ്സ്കിയാണ് പോളണ്ടിന്റെ കരുത്ത്. ഈ സീസണിൽ യൂറോപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരം നേടിയ ലെവാൻ തകർപ്പൻ ഫോമിലാണ്. 6 ഗോളുകളോടെ യോഗ്യതാ റൗണ്ടിലും പോളണ്ടിന്റെ ടോപ് സ്കോററായിരുന്നു താരം
മുപ്പത്തൊൻപതുകാരൻ ഇബ്രാഹിമോവിച്ച് വിരമിക്കലിൽനിന്നു തിരിച്ചെത്തി ടീമിനു വേണ്ടി കളിച്ചെങ്കിലും പരുക്കേറ്റതിനാൽ സ്വീഡന്റെ യൂറോ ടീമിലില്ല.. എമിൽ ഫോസ്ബർഗ്, വിക്ടർ ലിൻഡെലോഫ്, ദെജാൻ കുലുസെവ്സ്കി, അലക്സാണ്ടർ ഇസാക്, റോബിൻ ക്വെയ്സൻ എന്നിവരാണ് മറ്റ് പ്രമുഖർ.
ഇപ്പോൾ സ്വീഡിഷ് ക്ലബ് ഗോട്ടെബോർഗിൽ കളിക്കുന്ന മുപ്പത്തിമൂന്നുകാരൻ മാരെക് ഹാംസികാണ് സ്ളൊവേനിയൻ ടീമിന്റെ എല്ലാമെല്ലാം. സ്‌ലൊവാക്യയ്ക്കു വേണ്ടി കൂടുതൽ മത്സരങ്ങൾ കളിച്ചതും കൂടുതൽ ഗോളടിച്ചതും ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ ഇതിഹാസതാരമായിരുന്ന ഹാംസിക് തന്നെ.
മരണഗ്രൂപ്പ്
ഗ്രൂപ്പ് എഫ്
ഹംഗറി
പോർച്ചുഗൽ
ഫ്രാൻസ്
ജർമ്മനി
നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും യൂറോ കപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലും ഈ രണ്ട് കിരീടങ്ങളും നേടിയിട്ടുള്ള ജർമ്മനിയും അണിനിരക്കുന്ന ഗ്രൂപ്പ് എഫ് ആണ് ഈ യൂറോകപ്പിലെ മരണഗ്രൂപ്പ്. ജൂൺ 15ന്ഇന്ത്യൻ സമയം രാത്രി 9.30ന് പോർച്ചുഗലും ഹംഗറിയും തമ്മിലാണ് ഗ്രൂപ്പിലെ ആദ്യ മത്സരം. പിന്നാലെ ജർമ്മനിയും ഫ്രാൻസും ഏറ്റുമുട്ടും. ജൂൺ 19നാണ് പോർച്ചുഗൽ -ജർമ്മനി പോരാട്ടം. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരദിവസം പോർച്ചുഗൽ ഫ്രാൻസിനെയും ജർമ്മനി ഹംഗറിയെയും നേരിടും. ഗ്രൂപ്പ് തലത്തിലെ മികച്ച നാലു മൂന്നാം സ്ഥാനക്കാർക്ക് പ്രീകാർട്ടർ ബർത്ത് ഉള്ളതിനാൽ ഫ്രാൻസിനും ജർമ്മനിക്കും പോർച്ചുഗലിനും മുന്നേറാൻ സാദ്ധ്യതയുണ്ട്.