covv

പാറ്റ്ന: ബിഹാറിൽ കൊവിഡ് മരണങ്ങളുടെ കണക്കുകളിൽ സർക്കാർ കൃത്രിമം കാണിക്കുന്നുണ്ടെന്ന് വളരെകാലമായുള്ള ആരോപണമാണ്. ഒടുവിൽ പ്രശ്നത്തിൽ ഇടപെട്ട ഹൈക്കോടതി ഏപ്രിൽ-മേയ് മാസങ്ങളിൽ ബിഹാറിൽ നടന്ന കൊവിഡ് മരണങ്ങളുടെ കണക്കെടുപ്പിന് നിർദേശിച്ചു. ഇതിനെ തുടർന്ന് പുതുക്കിയ പട്ടികയിൽ നിലവിലെ മരണസംഖ്യയുടെ 72 ശതമാനം അധിക കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് പുതുതായി രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 5500 ൽ നിന്നും 9429 ആയി ഉയർന്നു. ഒരു ദിവസം കൊണ്ട് 3951 മരണങ്ങളാണ് ബിഹാറിൽ ഒറ്റയടിക്ക് ഉയർന്നത്.

എന്നാൽ ഈ മരണങ്ങൾ നടന്നത് എന്നൊക്കെയെന്ന കൃത്യമായി രേഖപ്പെടുത്താത്തതിനാൽ ഇവയെല്ലാം ബുധനാഴ്ചത്തെ മരണനിരക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനാൽ തന്നെ ഈ കണക്ക് അനുസരിച്ച് ഇന്ത്യയിലെ ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 6148 ആണ്. ഇത് കൊവിഡ് ആരംഭിച്ചതിനു ശേഷമുള്ള ഇന്ത്യയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ്.

മരണമടഞ്ഞവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ ബിഹാർ സർക്കാർ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരണദിവസം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കൂടുതൽ പേരും മരിച്ചത് സംസ്ഥാനത്തെ കൊവിഡിന്റെ രണ്ടാം വരവിലാണെന്ന് അധികൃതർ പറഞ്ഞു. കൊവിഡിനു ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ മരണമടഞ്ഞവരെയും പുതിയ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.