health

ശീലങ്ങൾ മാറ്റാനോ? അതൊന്നും നടക്കുന്ന കാര്യമല്ല... എന്ന് വാശി പിടിക്കുന്നവരോട് അതിനെന്താ കാരണം എന്ന് ചോദിച്ചാൽ അവരുടെ മറുപടി ഇതായിരിക്കും ; ശീലിച്ചു പോയതുകൊണ്ട് ! സ്വയം അനുവർത്തിച്ചുവരുന്നതോ,​ രക്ഷകർത്താക്കളിൽ നിന്നോ പാരമ്പര്യമായി നിലനിന്നതോ ആയ കാര്യങ്ങൾ കണ്ടു പഠിച്ചോ ചിലപ്പോൾ നിർബന്ധിതമായോ സാഹചര്യങ്ങൾക്കനുസരിച്ചോ ഒക്കെയാണ് ശീലങ്ങൾ രൂപംകൊള്ളുന്നത്.

ചില ശീലങ്ങൾ കുടുംബമഹിമ പോലെ സൂക്ഷിക്കുന്നവരും അഥവാ ആരെങ്കിലും തെറ്റിച്ചാൽ ഇടപെടുന്നവരുമുണ്ട്. അമിതമായി മധുരം കഴിക്കുന്ന ശീലവും ചില പ്രത്യേക ഭക്ഷണ രീതികളും നിർബന്ധം കൊണ്ട് മാത്രം പാലുകുടിക്കുകയോ യൂണിഫോം ധരിക്കുകയോ ചെയ്യുന്നതും ഗൾഫിൽ ജോലി നോക്കേണ്ടി വന്നതുകൊണ്ടോ ജോലിയുടെ ഭാഗമായോ നേരത്തെ എഴുന്നേൽക്കേണ്ടി വരുന്നതുമെല്ലാം ശീലങ്ങളാണ്. ഒരു ജോലിയുമില്ലെങ്കിൽ ഉച്ചവരെ കിടന്നുറങ്ങുന്നത് മറ്റൊരു ശീലം.

ശീലങ്ങൾ പിന്തുടരുന്ന ഓരോരുത്തർക്കും അതിന് പ്രത്യേക കാരണങ്ങളോ ന്യായീകരണങ്ങളോ ഉണ്ടായിരിക്കും. അല്ലാതെ എല്ലാ ശീലങ്ങളും ആരോഗ്യത്തെ നൽകുന്നവയാണെന്നതുകൊണ്ടോ ശരിയാണെന്ന് ഉത്തമബോദ്ധ്യമുള്ളതുകൊണ്ടോ മാത്രം ശീലിക്കുന്നവയല്ല.

ശീലവും ദുശീലവും

ഉദാഹരണത്തിന് പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ എന്നും രാത്രി ചുമയ്ക്കുള്ള മരുന്ന് അല്പം കഴിച്ചിട്ട് കിടക്കുന്നവരോ അരിഷ്ടം കുടിക്കുന്നവരോ ഉണ്ട്. അതിന്റെ ഗുണവും ദോഷവും ചിന്തിക്കാതെ

സുഖമായ ഉറക്കം കിട്ടുന്നത് ഈ ശീലം കൊണ്ടാണെന്ന് അവർ വാദിക്കും.

ഇതിൽ നിന്ന് ശീലങ്ങൾ നല്ലതോ ചീത്തയോ ആകാമെന്നും നല്ലത് ശീലിക്കുമ്പോൾ മാത്രമാണ് ആരോഗ്യം നിലനിൽക്കുന്നതെന്നും അല്ലാത്തവ അസുഖങ്ങളുണ്ടാക്കുമെന്നും അറിയണം. ഇത് വീണ്ടും പറയാൻ കാരണം ചിലരെങ്കിലും ശീലമുണ്ടെങ്കിൽ കുഴപ്പമില്ലെന്ന് വാദിക്കുന്നവരാണ്. ഉദാഹരണത്തിന് ഞാൻ തലയിൽ എണ്ണ തേയ്ക്കാറില്ല, അതുകൊണ്ടെനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും വന്നിട്ടുമില്ല എന്ന് വാദിക്കുന്നതുപോലെ. എന്തിനുമേതിനും മരുന്നുകഴിക്കുന്നത് ശീലമാക്കിയവരുണ്ട്. ആവശ്യത്തിന് വിശ്രമം കൊടുക്കുക, പഥ്യങ്ങൾ പാലിക്കുക, അപഥ്യങ്ങൾ ഒഴിവാക്കുക, അസുഖം എന്താണെന്ന് മനസ്സിലാക്കി പ്രശ്നമില്ലാത്തവയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നൊഴിവാക്കാൻ സാധിക്കുമോ എന്ന് നോക്കുകയാണ് വേണ്ടത്. അല്ലാതെ ഇവയ്ക്കൊന്നും പ്രാധാന്യം നൽകാതെ എന്റെ അസുഖം ഇപ്പോൾ മാറണം, അതിനു വേണ്ടി എന്ത് മരുന്ന് കഴിക്കാനും ഞാൻ തയ്യാർ എന്ന് പറയുന്നവരുണ്ട്. അവർ തന്നെയാണ് നിസ്സാര രോഗങ്ങൾക്ക് പോലും ശക്തമായ മരുന്നുകൾ കഴിച്ച് മരുന്നിനടിമകളായി മാറുന്നതും,​ അത്യാവശ്യഘട്ടങ്ങളിൽ മരുന്നുതന്നെ പ്രയോജനപ്പെടാത്ത അവസ്ഥയിലെത്തുന്നതും. അതുകൊണ്ട്,​ മരുന്നിനേക്കാൾ പ്രാധാന്യത്തോടെ അസുഖം ഒഴിവാക്കാനുള്ള മാർഗങ്ങൾ കൂടി നോക്കാനും പരമാവധി ആരോഗ്യത്തോടെ ജീവിക്കാനുള്ള മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകി അവ ശീലിക്കാൻ ശ്രമിക്കേണ്ടതാണ്.

നമുക്ക് വേണ്ടത്

വളർത്തണം, പരിപാലിക്കണം

പലർക്കും സസ്യാഹാരം അത്ര ഇഷ്ടമല്ല. മാംസാഹാരത്തോടാണ് പ്രിയം. എന്നാൽ സസ്യാഹാരമാണ് കൂടുതൽ ആരോഗ്യകരം. അതിന് മാംസാഹാരം കുറയ്ക്കാനെങ്കിലും ശ്രമിക്കേണ്ടതല്ലേ? ഒരേസമയം പല തരത്തിലുള്ള മാംസാഹാരം ഒരുമിച്ചു കഴിക്കുന്നതും ഒട്ടും നല്ലതല്ല. സസ്യാഹാരങ്ങളിൽ ചേർക്കുന്ന സാച്യുറേറ്റഡ് ഫാറ്റ്, സോസ് തുടങ്ങിയവയും ഒഴിവാക്കുന്നതാണ് നല്ലത്. ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും പരമാവധി ഫ്രഷ് ആയി ഉപയോഗിച്ചാലേ ഗുണമുള്ളൂ. ഇവയ്ക്കെല്ലാം ഉണ്ടെന്നു പറയുന്ന ആന്റി ഓക്സിഡന്റ് ഗുണമുൾപ്പെടെ ലഭിക്കണമെങ്കിൽ ഇവയൊന്നും കൃത്രിമ വസ്തുക്കൾ ഉപയോഗിച്ച് സൂക്ഷിച്ചതാകരുത്. പറിച്ചെടുത്ത് മൂന്ന് മണിക്കൂറിനുള്ളിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ഉണങ്ങിപ്പോയവയും ഫ്രിഡ്ജിൽ വച്ചിരുന്നവയും ആഴ്ചകളോളം കേടാകാതെ ഇരിക്കുന്നവയും നല്ലതാകാനിടയില്ലെന്ന് പറയേണ്ടതില്ലല്ലോ? ഇതിനൊരു പരിഹാരമേയുള്ളു. നമുക്ക് അത്യാവശ്യമുള്ളവയെങ്കിലും നമുക്കുചുറ്റും വളർത്താനും പരിപാലിക്കാനും കഴിയണം. അതിലൂടെ ലഭിക്കുന്ന മാനസികോല്ലാസം ഒട്ടും ചെറുതല്ലെന്ന് മാത്രമല്ല അതിനാവശ്യമായ കായികാദ്ധ്വാനം മറ്റെന്തിനേക്കാളും ആരോഗ്യം നൽകുന്നവയുമാണ്. പാലും പാലുല്പന്നങ്ങളും ആരോഗ്യം നിലനിർത്താൻ അത്ര നല്ലതല്ലെന്ന നിഗമനങ്ങളുണ്ട്. ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾക്കും ശ്വാസകോശ, ത്വക് അലർജികൾക്കും കാരണം പലപ്പോഴും ഇവയൊക്കെയാണ്. ഇത്തരം വസ്തുക്കൾ കൃത്രിമമായി സംരക്ഷിക്കുക കൂടി ചെയ്യുന്നവയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ശരിയായി തയ്യാറാക്കിയ പുളിക്കാത്ത മോരും പാലിൽ നിന്ന് തയ്യാറാക്കുന്ന നെയ്യും മാത്രമാണ് കുറെയെങ്കിലും ആരോഗ്യകരം. കഴിയുമെങ്കിൽ ഒരു വീണ്ടു വിചാരത്തോടെ മാത്രമേ ഇവ ഉപയോഗിക്കുവാൻ പാടുള്ളൂ.

ഓർമ്മവേണ്ട 'സെർച്ച് ' മതി!

സമീകൃതാഹാരമാണ് പാൽ എന്ന് പഠിച്ചതൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു. ഓൺലൈൻ ക്ലാസ്സുകളുടെ കാലമായതിനാൽ കണ്ണുകളുടേയും ഇയർഫോൺ, ഹെഡ് ഫോൺ എന്നിവ ചെവികളുടേയും പ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയാണിപ്പോൾ. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യംഇതാണ്. മുമ്പ് പുസ്തകം നോക്കി പഠിച്ചവർ അവ ആവർത്തിച്ച് പഠിച്ചും ഓർമ്മിച്ചെടുത്തും ഓർമ്മയുണ്ടോ എന്ന് കൂടെക്കൂടെ പരിശോധിച്ചും മനസ്സിൽ 'അച്ചിട്ട പോലെ 'വയ്ക്കുമായിരുന്നു.ഇപ്പോൾ എന്തിനുമേതിനും 'സെർച്ച് ' ചെയ്യുന്നവർക്ക് അവയൊന്നും മനസ്സിൽ നിൽക്കുന്നില്ല. ആവശ്യം വരുമ്പോഴെല്ലാം വിരൽത്തുമ്പിലെത്തുമെന്ന് വിശ്വാസമുളള അറിവ് ആവശ്യമുള്ളപ്പോൾ മാത്രം 'സെർച്ച് ' ചെയ്താൽ മതിയല്ലോ? എന്ന ധാരണയിലാണവർ. മറ്റവസരങ്ങളിലൊന്നും ഉറപ്പിക്കാനാകാത്തതിനാൽ സമാന പേരുകൾ, വാക്കുകൾ തുടങ്ങിയവ കാരണം ആശയക്കുഴപ്പത്തിലാകുന്നവർ ഒട്ടും കുറവല്ല. ആവശ്യത്തിലേറെ സമയം രാത്രിയും പകലുമെന്നില്ലാതെ മൊബൈൽ ഫോണിന് അടിമപ്പെടുന്നവരുടെ ശാരീരിക ആരോഗ്യവും ഉറക്കവും മാനസിക സമ്മർദ്ദങ്ങളും കുഴപ്പത്തിലാകും. അതിനാൽ ക്ലാസുകൾ കേൾക്കാനും അത്യാവശ്യ കാര്യങ്ങൾ നോക്കാനും മൊബൈൽഫോൺ ഉപയോഗിച്ച ശേഷം പുസ്തകങ്ങൾ വായിക്കുവാനും പത്രങ്ങൾ നോക്കാനും പ്രകൃതിയെ ആസ്വദിക്കാനും ബന്ധുക്കളേയും പരിചയക്കാരേയും നേരിൽ കണ്ടാൽ തിരിച്ചറിയാനും ശ്രമിക്കുക.

വേണ്ടത് ആരോഗ്യശീലം

കൊവിഡിന് മുമ്പും സ്കൂളും കോളേജും ഓഫീസുമൊക്കെ ഉണ്ടായിരുന്നപ്പോൾ രാവിലെ എഴുന്നേറ്റ് സമയബന്ധിതമായി കാര്യങ്ങൾ ചെയ്തിരുന്നതുപോലെ ആലസ്യമെല്ലാം ഒഴിവാക്കി കൃത്യനിഷ്ഠ തിരികെ പിടിക്കണം. എവിടെയും പോകാനല്ല. എങ്കിലും ആരോഗ്യം സംരക്ഷിക്കുന്നതിന് ഉറങ്ങുന്നതിനും ഉണരുന്നതിനും കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം ഒരു കൃത്യനിഷ്ഠ അനിവാര്യമാണ്. അതുണ്ടായിരുന്ന സമയത്തുള്ളതിനേക്കാൾ ഊർജ്ജസ്വലതയും ആരോഗ്യവും ഉന്മേഷവും ഇപ്പോൾ കുറഞ്ഞു പോയിട്ടില്ലേ? ആവശ്യത്തിലേറെയുള്ള വിശ്രമം ആരോഗ്യത്തെ കുറയ്ക്കുമെന്ന് മനസ്സിലായില്ലേ? നഷ്ടമായ ആരോഗ്യം തിരികെ പിടിക്കണ്ടേ? ഇതുവരെയുള്ള ശീലങ്ങൾ എന്തുമാകട്ടെ, മാനസികവും ശാരീരികവുമായ ആരോഗ്യം നൽകുന്ന കാര്യങ്ങൾ മനസ്സിലാക്കി അവയെ മാത്രം ഇന്ന് മുതൽ ശീലിച്ച് തുടങ്ങിക്കോളൂ. ആരോഗ്യത്തിനായി മുമ്പുണ്ടായിരുന്ന ചില ശീലങ്ങൾ നമുക്കൊന്ന് മാറ്റിപ്പിടിക്കാം.