തിരുവനന്തപുരം. കേരളത്തിൽ താമസിക്കാൻ ആഗ്രഹിച്ച ആളായിരുന്നു ഇന്നലെ അന്തരിച്ച വിഖ്യാത ചലച്ചിത്രകാരൻ ബുദ്ധദേബ് ദാസ്ഗുപ്ത. തിരുവനന്തപുരത്ത് നെട്ടയത്തിന് സമീപം കാച്ചാണിയിൽ വീട് വയ്ക്കാൻ 11 സെന്റ് സ്ഥലവും കണ്ടെത്തി. അവസാന നിമിഷമാണ് ബുദ്ധദേബ് അതിൽ നിന്ന് പിന്തിരിഞ്ഞത്.
2018 ൽ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയ വേളയിൽ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ബുദ്ധദേബ് കേരളത്തോടുള്ള തന്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. 'ഞാൻ കേരളത്തെ അത്രമാത്രം സ്നേഹിക്കുന്നു. കേരളത്തിന്റെ ഏത് ഭാഗവും മനോഹരമാണ്. ഒരിക്കൽ ഞാനിവിടെ സെറ്റിൽ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പ്രിയ സുഹൃത്ത് സംവിധായകനായ അരവിന്ദൻ പല സ്ഥലങ്ങളും കൊണ്ടു കാണിച്ചു. ഒരു സ്ഥലം എനിക്ക് ഇഷ്ടപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്നീട് ഞാൻ പിന്മാറിയത്. എന്റെ നിലപാടിനോട് അരവിന്ദനും യോജിച്ചിരുന്നു" - ബുദ്ധദേബ് പറഞ്ഞു.
മലയാളത്തിൽ സിനിമ ചിത്രീകരിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു.തിരക്കഥ എഴുതിയിരുന്നു, ആര്യാടൻ ഷൗക്കത്തായിരുന്നു നിർമ്മാതാവ്. അഡ്വാൻസും വാങ്ങി ."ഞങ്ങൾ മൂന്ന് തവണ ഒരുമിച്ചിരുന്നു. യാഥാർത്ഥ്യമായില്ല. മലയാളത്തിൽ ഒരു പടം നിർമ്മിക്കാനുള്ള പണം എന്റെ കൈയിലില്ല. ഉണ്ടായിരുന്നെങ്കിൽ ഞാനത് ചെയ്തേനെ. അരവിന്ദന്റെ നാട്ടിൽ ഒരു സിനിമ എടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു."ബുദ്ധ പറഞ്ഞതോർക്കുന്നു.
അരവിന്ദനോടുള്ള ഇഷ്ടത്താൽ അദ്ദേഹത്തിന്റെ തമ്പ് എന്ന സിനിമയിലെ ഗാനം ജനാല എന്ന തന്റെ സിനിമയിൽ ബുദ്ധ ഉൾപ്പെടുത്തിയിരുന്നു.
2018 ൽ വന്നപ്പോൾ ഷൗക്കത്ത് ബുദ്ധയെ കണ്ട് പ്രോജക്ട് ചെയ്യാമെന്ന് വീണ്ടും പറഞ്ഞു. പക്ഷേ കൊവിഡ് എല്ലാം തകിടംമറിച്ചു. കാമറാമാൻമാരായ വേണുവും സണ്ണിജോസഫും ബുദ്ധയുടെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ബുദ്ധയുടെ ഭാര്യ സോഹിനിയുടെ സിനിമയുടെ ഛായാഗ്രഹണവും സണ്ണി ജോസഫായിരുന്നു.
ദീർഘകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്തിരുന്നു.തിരുവനന്തപുരത്ത് ഒടുവിൽ വന്നപ്പോഴും ഒരു ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായിരുന്നു.
ബംഗാളി നടൻ സൗമിത്ര ചാറ്റർജി മരിച്ചപ്പോഴാണ് ഏറ്റവുമൊടുവിൽ അദ്ദേഹവുമായി സംസാരിച്ചത്. അടുപ്പമുള്ളവർ ദാദയെന്നും ബുദ്ധയെന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. മികച്ച ചിത്രത്തിന് അഞ്ച് ദേശീയ അവാർഡുകൾ അടക്കം വലിയ ബഹുമതികൾ നേടിയ അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നല്ല ഒരു മനുഷ്യനെയാണ് ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമാകുന്നത്.