ലക്‌നൗ: സംസ്ഥാനത്ത് ബലാൽസംഗങ്ങൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം മൊബൈൽ ഫോണെന്ന വിചിത്രവാദവുമായി വനിതാ കമ്മീഷൻ അംഗം. ഉത്തർപ്രദേശ് വനിതാകമ്മീഷൻ അംഗമായ മീനാകുമാരിയാണ് ഇങ്ങനെ പറഞ്ഞത്. 'പെൺകുട്ടികൾക്ക് മൊബൈൽഫോണൊന്നും നൽകാൻ പാടില്ല. അവർ അതിലൂടെ ആൺകുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നെ ഒളിച്ചോടിപ്പോകുകയും ചെയ്യും' മീനാകുമാരി പറയുന്നു. അലിഗഡിൽ സ്‌ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനിടെയാണ് മീനാകുമാരിയുടെ ഈ വിവാദ പരാമർശം.
'പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ വീട്ടുകാർ പരിശോധിക്കുന്നില്ല. അവർ അതിനെക്കുറിച്ച് ബോധവാന്മാരല്ല' മീനാകുമാരി പറയുന്നു. സ്‌ത്രീകൾക്കെതിരെയുളള അതിക്രമങ്ങളെക്കുറിച്ച് അച്ഛനമ്മമാർ പ്രത്യേകിച്ച് അമ്മമാർ ശ്രദ്ധാലുക്കളാകണമെന്ന് മീനാകുമാരി പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് അമ്മമാർക്കുളളതെന്നും സ്‌ത്രീകൾക്കെതിരെയുളള അതിക്രമങ്ങളെ സമൂഹവും ഗൗരവത്തോടെ കാണണമെന്നും അവർ ഉപദേശിച്ചു.
എന്നാൽ മീനാകുമാരിയുടെ അഭിപ്രായങ്ങൾ യു.പി വനിതാ കമ്മീഷൻ വൈസ് ചെയപേഴ്‌സൻ അഞ്ജു ചൗധരി തളളി. മൊബൈൽ ഫോൺ എടുത്തുമാറ്റുകയല്ല അതിക്രമങ്ങൾ തടയാനുളള മാർഗമെന്ന് അവർ അഭിപ്രായപ്പെട്ടു. കമ്മീഷൻ അംഗങ്ങളുടെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിക്കാത്ത വൈസ് ചെയർപേഴ്‌സന്റെ നടപടി ശ്രദ്ധേയമായി.