ഫാഷൻ സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമായി സെലിബ്രിറ്റികളുടെ ഇടയിൽ മാത്രം ട്രെൻഡിംഗായിരുന്ന നെയിൽ ആർട്ട് ഇപ്പോൾ സാധാരണക്കാർക്കിടയിലും തരംഗമായിട്ടുണ്ട്. ഇതോടെ ദിവസവും പലതരം പരീക്ഷണങ്ങൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. ജീവനുള്ള മീനുകളെ ഉപയോഗിച്ച് ദുബായിലെ നെയിൽ ആർട്ട് സലൂണായ നെയിൽ സണ്ണി ചെയ്ത പുതിയ പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാകുന്നത്. അക്വേറിയം മാനിക്യൂർ എന്ന് പേരിട്ട പുതിയ പരീക്ഷണത്തിന് ജീവനുള്ള മീനുകളെ ഉപയോഗിച്ചാണ് ഡിസൈനിലെ അവസാന വട്ട മിനുക്കുപണികൾ ചെയ്യുന്നത്. ദുബായിലെ നെയിൽ ആർട്ട് സലൂണായ നെയിൽ സണ്ണി ചെയ്ത ഈ പുതിയ പരീക്ഷണത്തിന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
1970കളിൽ പ്രസിദ്ധമായിരുന്ന ഫിഷ് ടാങ്ക് പ്ലാറ്റ്‌ഫോം ഷൂവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അക്വേറിയം മാനിക്യൂർ ഡിസൈൻ ചെയ്തത് എന്നാണ് നെയിൽ സണ്ണി പറയുന്നത്. നഖത്തിലെ മിനുക്ക് പണികൾ പൂർത്തിയാക്കി, നഖത്തിന് നീളം കൂട്ടാനുള്ള ഡിസൈൻ ഒട്ടിച്ച ശേഷമാണ് മീനിനെ ഉപയോഗിച്ചുള്ള ഫൈനൽ ടച്ച് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ വെറൈറ്റി ഐഡിയയ്ക്ക് പിന്നിലെ ആശയത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആദ്യമായല്ല ഇത്തരം വിചിത്ര ഐഡിയകൾ പരീക്ഷിച്ച് നെയിൽ സണ്ണി വൈറലാവുന്നത്. നേരത്തെ ഓർഗാനിക് നെയിൽ ആർട്ട് എന്ന പേരിൽ ഉള്ളി ഉപയോഗിച്ചും നെയിൽ ആർട്ട് പരീക്ഷണം നടത്തിയ വ്യക്തിയാണ് നെയിൽ സണ്ണി.