tech

തിരുവനന്തപുരം: കൊവിഡിന്റെ താണ്ഡവത്തിൽ സാമ്പത്തികമായി തകർന്നതിന് പിന്നാലെ കേരളത്തിലെ വിവരസാങ്കേതിക വിദ്യയുടെ കേന്ദ്രമായ ടെക്നോപാർക്കിൽ നിന്ന് ഇടത്തരം ഐ.ടി കമ്പനികൾ ഓഫീസ് കെട്ടിടങ്ങൾ ഒഴിയുന്നു. പതിനഞ്ചോളം കമ്പനികൾ വാടക നൽകാൻ കഴിയാതെ ഇതിനകം ടെക്നോപാർക്ക് കാമ്പസിനോട് ഗുഡ്ബൈ പറഞ്ഞുകഴിഞ്ഞു. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം കെട്ടിടങ്ങളുടെ വാടക ഇനത്തിൽ ഇളവ് അനുവദിച്ചത് നീട്ടണമെന്നാവശ്യപ്പെട്ട് കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഒഫ് ടെക്നോളജി ( ജി ടെക്) മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരിയിൽ കത്ത് നൽകിയിരുന്നു. എന്നാൽ, സർക്കാർ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു സർക്കാർ അന്ന് സ്വീകരിച്ച നിലപാട്. എന്നാൽ, രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ടും തീരുമാനം ഉണ്ടാകാത്തതിൽ ജി ടെക് ആകെ അസ്വസ്ഥരാണ്.

 കുറച്ചില്ല, കൂട്ടി

കൊവിഡിൽ നട്ടം തിരിയുന്ന കമ്പനികൾക്ക് കൂനിന്മേൽ കുരു എന്നതുപോലെ ടെക്നോപർക്ക് അധികൃതർ വാടക തുകയിൽ അഞ്ച് ശതമാനം വർദ്ധന വരുത്തുകയും ചെയ്തു. ഇതോടെയാണ് പതിനഞ്ചോളം ഐ.ടി കമ്പനികൾ തങ്ങളുടെ ഓഫീസ് ഉപേക്ഷിക്കാൻ നിർബന്ധിതരായത്. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ ടെക്നോപാർക്കിലെ ഓഫീസ് ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ഈ കമ്പനികൾ എല്ലാം തന്നെ വാടക നൽകാൻ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടിലാണ്. സർക്കാർ നടപടിയെടുക്കാത്തതിൽ കമ്പനികൾ എല്ലാം കടുത്ത നിരാശയിലുമാണ്. ഈ കമ്പനികളിലെ ജീവനക്കാർ എല്ലാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.

വാടക ഇനത്തിൽ പണം ലാഭിക്കാമെന്നത് കൂടാതെ ജീവനക്കാർ കൊവിഡിന്റെ പിടിയിൽഅകപ്പെടാതെ സുരക്ഷിതരാവുകയും ചെയ്യുന്നതും ഇതിലൂടെ സാദ്ധ്യമാകുന്നതായി കമ്പനി വൃത്തങ്ങൾ പറഞ്ഞു. അപ്പോഴും തൊഴിൽ ഉടമകളുടെ കാര്യം പരിതാപകരമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ തടസമില്ലാത്ത വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും സുപ്രധനമാണ്. കാലവർഷമായതോടെ വൈദ്യുതി മുടക്കം പതിവായ പ്രദേശങ്ങളിലെ ജീവനക്കാർക്ക് കമ്പനികൾ തന്നെ ഇൻവെർട്ടറുകൾ നൽകുന്നുണ്ട്. ഇതിലൂടെ ഭീമമായ ബാദ്ധ്യതയാണ് കമ്പനികൾക്ക് ഉണ്ടാകുന്നത്.

കൊവിഡിന്റെ ഒന്നാം തരംഗത്തെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഐ.ടി കമ്പനികൾക്ക് വാടക ഇളവ് ചെയ്തു നൽകിയിരുന്നു. എന്നാൽ ഇത് അപര്യാപ്തമായിരുന്നു. അതിനുശേഷം ഇക്കാലം വരെയും അവർക്ക് വാടക നൽകേണ്ടി വന്നു. ഇതിലൂടെ വൻ സാമ്പത്തിക ബാദ്ധ്യതയാണ് കമ്പനികൾക്ക് ഉണ്ടായത്.

സർക്കാരിന് കീഴിലെ ഐ.ടി പാർക്കുകളിലെ സർക്കാർ കെട്ടിടങ്ങളിൽ 25,​000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 2020 ജൂലായ് മുതൽ ഡിസംബർ വരെ വാടകയിൽ ഇളവ് നൽകുന്നതായി ഫെബ്രുവരി 19ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ,​ തൊട്ടടുത്ത ദിവസം ഇറങ്ങിയ ഉത്തരവിൽ ഇത് ഐ.ടി ഇതര സ്ഥാപനങ്ങൾ എന്നാക്കുകയായിരുന്നു. ഇതോടെ,​ സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന ഐ.ടി ഇതര സ്ഥാപനങ്ങൾക്കാണ് അതിന്റെ ആനൂകൂല്യം ലഭിച്ചത്. റസ്റ്റോറന്റുകൾ,​ ബാങ്കുകൾ തുടങ്ങിയവയ്ക്കാണ് ഇതിന്റെ ഗുണം ലഭിച്ചതെന്നും ജി ടെക് ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെ തുടർന്ന് ഐ.ടി മേഖലയിൽ 4,500 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായെന്നാണ് കണക്ക്. 26,000ത്തിലധികം നേരിട്ടും 80,000ത്തോളം പരോക്ഷമായും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്.