എച്ചിൽക്കൂനയിലിരുന്ന്,
വിശപ്പ് തീജ്വാല ആയവൾക്ക്,
ചൊരുക്കും ഓക്കാനവുമില്ല.
അയഡൈസ്ഡ് ഉപ്പ് കലരാത്ത
കണ്ണീരൊലിപ്പിച്ചും,
ഒട്ടിയ വയറുമായിരുന്ന പെണ്ണിനെ,
ബിരിയാണി കാട്ടിയാണ്
അവൻ കൊതിപ്പിച്ചത്..
ആർത്തിയോടെ തിന്നത് അവളുടെ
വയറിരമ്പി കരഞ്ഞതിനാലാണ്.
വീർത്ത വയറും ചർദ്ദിയുമായ്
വൃഥാ അവളുറങ്ങിപ്പോയി.
ഇരവുകളിന്നവൾക്ക്
പകലുകളാണ്.
നിലാ വെട്ടത്തിൽ സൂചികോർത്തവൾ
തുന്നുന്ന കുഞ്ഞുടുപ്പുകൾ
തെരുവിന്റെ മക്കളെയാണവൾ
അണിയിക്കുന്നത്.
തീൻ മേശയ്ക്കുമുമ്പിൽ
കത്തുന്ന വയറുമായ് ഇനി
ഉയരരുത് നിലവിളികൾ.
അറപ്പോടെ നോക്കുന്നവരെ
കനലുതുളയ്ക്കുന്ന നോട്ടങ്ങളാൽ,
കടൽ വെള്ളം തളിച്ച്
പിണ്ഡം വയ്ക്കാൻ
ഏകയായ്
പ്രാപ്തയാണിന്നവൾ!!