യങ്കൂൺ: അനധികൃതമായി സ്വർണവും അരലക്ഷത്തിലധികം ഡോളറും സ്വീകരിച്ചെന്നാരോപിച്ച് മ്യാൻമറിലെ സൈനിക ഭരണകൂടം സ്റ്റേറ്റ് കൗൺസലർ ആംഗ് സാൻ സൂ ചിയ്ക്കെതിരെ അഴിമതിക്കുറ്റം ചുമത്തി. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം കസ്റ്റഡിയിലെടുത്ത സൂചിക്കെതിരെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സൂ ചി 600,000 ഡോളർ പണവും 11 കിലോഗ്രാം സ്വർണവും അനധികൃതമായി സ്വീകരിച്ചുവെന്നാണ് ആരോപണം. സൂ ചി പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയതിന് അഴിമതി വിരുദ്ധ കമ്മിഷൻ തെളിവുകൾ കണ്ടെത്തിയതായി സർക്കാർ പത്രമായ ഗ്ലോബൽ ന്യൂ ലൈറ്റ് ഒഫ് മ്യാൻമർ
റിപ്പോർട്ട് ചെയ്യുന്നു. ചാരിറ്റബിൾ ഫൗണ്ടേഷന് വേണ്ടി രണ്ട് സ്ഥലങ്ങൾ വാടകക്ക് എടുക്കുന്നതിലും അധികാരം ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്. അതേസമയം,
സൂചിക്കെതിരെ നേരത്തെ ചുമത്തിയ കേസുകളിൽ വിചാരണകൾ അടുത്തയാഴ്ച ആരംഭിക്കും. പുറത്താക്കപ്പെട്ട പ്രസിഡന്റ് വിൻ മൈന്റിനൊപ്പം നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) പാർട്ടിയിലെ മറ്റൊരു മുതിർന്ന അംഗത്തോടൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്റെ വിചാരണ ജൂൺ 15ന് ആരംഭിക്കും.
@ ആരോപണം അടിസ്ഥാനരഹിതം
അതേസമയം, അഴിമതി ആരോപണം അസംബന്ധമാണെന്ന് സൂചിയുടെ അഭിഭാഷ ഖിൻ മംഗ് സാ പറഞ്ഞു. സൂ ചിയെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിറുത്താനും അവരുടെ പ്രശസ്തി ഇല്ലാതാക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇപ്പോൾ ചുമത്തിയ വകുപ്പുകൾ കാരണം അവരെ നീണ്ടകാലം ജയിലിലടക്കാൻ സാധിക്കും.നാഷണൽ ലീഗ് ഫോർ ഡെമോക്രസിയെ പിരിച്ചുവിടാനാണ് സൈനിക ഭരണകൂടം ശ്രമിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൈന്യം അറിയിച്ചിട്ടുള്ളത്. എന്നാൽ, തിരഞ്ഞെടുപ്പിൽ സൂ ചിക്കോ എൻ.എൽ.ഡിക്കോ മത്സരിക്കാനാകില്ല. അതിനാൽ, തിരഞ്ഞെടുപ്പ് പ്രഹസനം മാത്രമാകും - ഖിൻ വ്യക്തമാക്കി.
അതേസമയം, സൈന്യത്തിനെതിരെ മ്യാൻമറിൽ പ്രതിഷേധം തുടരുകയാണ്. ഇതുവരെ സൈനിക നടപടികളിൽ 845 പേർ കൊല്ലപ്പെട്ടു.