solar

ന്യൂഡൽഹി: ഈ വ‌ർഷത്തെ ആദ്യ സൂര്യഗ്രഹണം ആരംഭിച്ചു. സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ കടന്നുവരുമ്പോൾ സൂര്യൻ മറഞ്ഞതായി അനുഭവപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രന്റെ നിഴൽവീഴുന്ന കോണിയ വ്യാസം ചെറുതായതിനാൽ ഇത്തവണ വലയ സൂര്യഗ്രഹണമാണ്. അതായത് നമുക്ക് കാണാവുന്ന സൂര്യന്റെ ബാഹ്യഭാഗം ചന്ദ്രന്റെ നിഴൽ വീഴാതിരിക്കുമ്പോഴാണ് വളയം പോലെ സൂര്യനെ കാണുന്ന വലയ സൂര്യഗ്രഹണമുണ്ടാകുന്നത്.

ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.42മുതൽ വൈകുന്നേരം 6.41 വരെയാണ് സൂര്യഗ്രഹണം. ഇത് വ്യക്തമായി കാണാനാകുക വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ മിക്കയിടങ്ങളിലുമാണ്. വലയ സൂര്യഗ്രഹണമായി കാണാനാകുന്നത് ഉത്തരധ്രുവത്തിലും വടക്കു കിഴക്കൻ കാനഡയിലും ഗ്രീൻലാന്റിലുമാണ്. റഷ്യയിലും കാനഡയിലെ മ‌റ്റ് ചില ഭാഗങ്ങളിലും മൂന്ന് മിനിട്ട് വരെ ഇത് കാണാം. സൈബീരിയയിലും സൂര്യഗ്രഹണം പാരമ്യത്തിലെത്തുമ്പോൾ വ്യക്തമായി കാണാം.

ഇന്ത്യയിൽ പക്ഷെ അരുണാചൽ പ്രദേശിലെ ഉയരംകൂടിയ ഇടങ്ങളിലും ലഡാക്കിലും സൂര്യഗ്രഹണം ഏതാനും നിമിഷങ്ങൾ മാത്രമേ കാണാനാകൂ. വിവിധ വെബ്‌സൈ‌റ്റുകളും യൂട്യൂബ് ചാനലുകളും സൂര്യഗ്രഹണത്തിന്റെ തൽസമയ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്.