ദുബായ്: കൊവിഡ് മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്ക് 15കോടിരൂപയുടെ സഹായ ഹസ്തവുമായി പ്രമുഖ വ്യവസായിയും ആർ.പി ഗ്രൂപ്പ് ഒഫ് കമ്പനീസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രവി പിള്ള. അഞ്ച് കോടി രൂപ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കാൻ നോർക്ക റൂട്സിലൂടെ കേരള മുഖ്യമന്ത്രിക്ക് കൈമാറും. കൊവിഡിനെത്തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും പെൺകുട്ടികളുടെ വിവാഹത്തിനും ചികിത്സ ആവശ്യങ്ങൾക്കും വിധവകൾക്കുമായി 10 കോടി രൂപ ആർ.പി ഫൗണ്ടേഷനിലൂടെയും വിതരണം ചെയ്യും. ആളുകളുടെ പ്രയാസം നേരിട്ട് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കാരുണ്യ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് രവി പിളള്ള ഒാൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നോർക്ക വഴി വിതരണംചെയ്യുന്ന സഹായത്തിനായി നോർക്കയിൽ റജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. ഒാഗസ്റ്റിനകം തുക വിതരണം ചെയ്യാനാണു തീരുമാനം. ഇതുസംബന്ധമായ മാനദണ്ഡങ്ങൾ നോർക്ക റൂട്സ് രണ്ടു ദിവസത്തിനകം പുറത്തിറക്കും.
ആഗോളതലത്തിൽ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ് മേഖലയുടെ തകർച്ചക്കു കാരണമാവുകയും ചെയ്ത കൊവിഡ്, പ്രവാസികൾ ഉൾപ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴിൽ നഷ്ടത്തിനും ഇടയാക്കിയതു വേദനാജനകമാണെന്നു രവി പിള്ള പറഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മാതാപിതാക്കൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ നിലനിൽപ്പിനായുള്ള അവരുടെ കഷ്ടപ്പാടുകൾ നേരിട്ടും ആർ.പി ഫൗണ്ടേഷൻ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ ആർ.പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിരവധി രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും അനേകം കുടുംബങ്ങൾക്ക് യാത്രാ സഹായം ഉൾപ്പെടെ നിരവധി സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുന്നു. കൂടാതെ കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്നു ചവറ ശങ്കരമംഗലം സ്കൂളിൽ 250 രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള കൊവിഡ് ചികിത്സാ കേന്ദ്രമൊരുക്കി. ഈ ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവർക്കൊരു കൈത്താങ്ങാകാനും നമുക്കു കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നു. രവി പിള്ള പറഞ്ഞു.
ആകെ ചെലവഴിച്ചത് 85 കോടി രൂപ
ആർ.പി ഫൗണ്ടേഷന്റെ കീഴിൽ ഇതുവരെ നൂറു കണക്കിന് വിവാഹങ്ങൾ നടത്തിക്കൊടുക്കുകയും അവർക്കാവശ്യമായ ജോലിയും മറ്റു സഹായങ്ങളും നൽകുകയും ചെയ്തു. ഭവന രഹിതർക്ക് നിരവധി വീടുകൾ നിർമിച്ചു നൽകുകയും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുകയും ചെയ്യുന്നു. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ നടത്തുന്നുണ്ട്. ഇതുവരെ 85 കോടി രൂപയിലേറെയാണ് ഇതിനായി ചെലവഴിച്ചത്.
സഹായം ലഭിക്കാൻ
ഈ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം.പി/മന്ത്രി/എം.എൽ.എഎ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർ.പി ഫൗണ്ടേഷന്റെ താഴെ പറയുന്ന മേൽവിലാസത്തിൽ എത്രയും പെട്ടെന്ന് അപേക്ഷിക്കണം.
വിലാസം:
RP Foundation, P.B. No. 23, Head Post Office, Kollam - 01
Kerala, India
അല്ലെങ്കിൽ Email to: rpfoundation@drravipillai.com