golden-bridge

ചരിത്രവും സംസ്‌ക്കാരവും പ്രകൃതിഭംഗിയും ഒത്തിണങ്ങിയ നാടാണ് വിയറ്റ്നാം. സന്ദർശകർക്കായി നിരവധി വിസ്മയങ്ങൾ കരുതിവച്ചിട്ടുള്ള നാടാണിത്. ആ വിസ്മയങ്ങളുടെ കൂട്ടത്തിലെ പുതിയ അതിഥിയാണ് ഗോൾഡൻ ബ്രിഡജ് അഥവ കോവാംഗ് പാലം. കാടിന് നടുവിലെ ഭീമാകാരങ്ങളായ ഇരു കരങ്ങൾക്കുള്ളിലൂടെ കടന്നു പോകുന്ന പാലത്തിന്റെ കാഴ്ചകൾ ലോകമെമ്പാടും വൈറലാണ്. കാടിന് നടുവിൽ ദൈവത്തിന്റെ കരങ്ങളിലെ പാലം എന്ന് സഞ്ചാരികൾ വിശേഷിപ്പിക്കുന്ന ഗോൾഡൻ ബ്രിഡ്ജിന്റെ പ്രത്യേകളും വിശേഷങ്ങളും ഒരുപാടുണ്ട്.

വിസ്മയങ്ങളുടെ വിയറ്റ്നാം

വിസ്മയങ്ങളുടെ രാജ്യമാണ് വിയറ്റനാം. അടുക്കള ദൈവം, മുട്ട കൊണ്ട് പാകം ചെയ്യുന്ന കാപ്പി, ലോകത്തിലെ ഏറ്റവും വലിയ ഗുഹ, വെള്ളത്തിലെ പാവകളി എന്നിങ്ങനെ രുചിയും വിശ്വാസവും പാരമ്പര്യവുമെല്ലാം ഇഴചേർന്നുകിടക്കുന്ന നാടിനാണിത്. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമാണിത്.

ഗോൾഡൻ ബ്രിഡ്ജ്

സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകസഞ്ചാരികൾക്കിടയിൽ പ്രസിദ്ധമായ നിർമ്മിതിയാണ് ഗോൾഡൻ ബ്രിഡ്ജ്. 2018 ജൂണിലാണ് ഈ പാലം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, ബസ്‌ഫീഡ്, റെഡ്ഡിറ്റ് തുടങ്ങിയ ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കുകളിലും ഫോറങ്ങളിലും എന്നും ഹിറ്റ് ചാർട്ടിൽ തന്നെയാണ് ഗോൾഡൻ ബ്രിഡ്ജിലെ ചിത്രങ്ങളും വീഡിയോകളും.

വിശേഷങ്ങൾ

അവസാനിക്കുന്നില്ല...

സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരമുള്ള ഈ പാലത്തിന് 150 മീറ്റർ നീളമുണ്ട്. പാലത്തിന്റെ ഗിൽഡഡ് റെയിലിംഗ് ഫ്രെയിമിൽ നിന്നാണ് 'ഗോൾഡൻ ബ്രിഡ്ജ്' എന്ന പേര് വന്നത്. ഒരു വാസ്തുവിദ്യാ നിർമ്മിതി എന്നതിലുപരിയായി, ഡാ നാംഗ് ടൂറിസത്തിന്റെ ഐഡന്റിക്കൽ സ്പോട്ടായി മാറിയിരിക്കുകയാണ് ഗോൾഡൻ ബ്രിഡ്ജ്. വിയറ്റ്നാമിലെ സൺ വേൾഡ് ബാ നാ ഹിൽസ് അമ്യൂസ്‌മെന്റ് പാർക്കിലാണ് ഈ പാലവും കൈകളുമുള്ളത്.

ദൈവത്തിന്റെ കരങ്ങൾ

പാർക്കിലെ പൂന്തോട്ടങ്ങൾക്കും കേബിൾ കാർ സ്റ്റേഷനുമിടയിലുള്ള വഴി കണ്ടെത്താൻ സന്ദർശകരെ സഹായിക്കുന്നതിനാണ് ഈ പാലം നി‌ർമ്മിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഈ പാലത്തെ താങ്ങി നിർത്തിയിരിക്കുന്നത് ഇരു കൈകളാണെന്നെ തോന്നുകയുള്ളൂ. അതുകൊണ്ടാണ് ഇവിടെ എത്തുന്ന സഞ്ചാരികൾ ഇതിനെ ദൈവത്തിന്റെ കരങ്ങളിലെ പാലം എന്ന് വിശേഷിപ്പിക്കുന്നത്. ആദ്യം അല്പം ഭയം തോന്നിക്കുമെങ്കിലും പിന്നീടത് കൗതുകത്തിന് വഴി മാറും. ചുറ്റുമുള്ള കാടുമായി കൈകൾ കൂടിച്ചേരുന്നത് വളരെ മികച്ച രീതിയിൽ സ്വാഭാവികത തോന്നുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം.

ടൂറിസം സാദ്ധ്യതകൾ

വിനോദ സഞ്ചാരികളെ ആകർഷിക്കാനും വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാനും ആകർഷകമായ ഒരുപാട് സൗകര്യങ്ങളും കൗതുക കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ അത്ഭുത പാലത്തെതേടി വിവിധ രാജ്യങ്ങിൽ നിന്ന് ധാരാളം പേർ ഇങ്ങോട്ട് എത്താറുണ്ട്. പാലത്തിനു സമീപത്തായി പണി കഴിപ്പിച്ച കോട്ടയും മെഴുക് മ്യൂസിയവും വളരെ പ്രശസ്തമാണ്. സഞ്ചാരികൾക്കായി കേബിൾ കാർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെ ആകർഷിക്കാനായി നിരവധി പദ്ധതികൾ വിയറ്റ്‌നാം സർക്കാർ എല്ലാ വർഷവും ഇവിടെ നടപ്പിലാക്കുന്നുണ്ട്.