പ്യോംഗ്‌യാംഗ്: പല തവണ വാർത്തയിൽ വന്ന വിഷയമാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉനിന്റെ ആരോഗ്യം. തീരെ മോശമാണെന്നും കിം മരണമടഞ്ഞെന്നും വരെ ഇടയ്‌ക്ക് വാർത്തകൾ വന്നു. ജനങ്ങളുമായി സംസാരിക്കുന്നത് കിമ്മിന്റെ ഡ്യൂപ്പാണെന്നും പ്രചരണമുണ്ടായി. എന്നാൽ അതിനെല്ലാം ശേഷം കിം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ അവയെല്ലാം മറഞ്ഞുപോയി.
എന്നാലിപ്പോൾ വീണ്ടും കിമ്മിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ലോകമാകെ ചർച്ചയാകുകയാണ്. ഏറെനാളത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞയാഴ്‌ച ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രം പുറത്തുവന്നു. തടിച്ച് ചീർത്ത് കാണപ്പെട്ടിരുന്ന കിം പുതിയ ചിത്രങ്ങളിൽ അൽപം മെലിഞ്ഞ് ക്ഷീണിതനായാണ് കാണപ്പെട്ടത് എന്നാണ് സംസാരം.
കിമ്മിന്റെ അടയാളമായ വലിയ തടി ഇല്ലാത്തത് മോശം ആരോഗ്യത്തെ തുടർന്നാകുമെന്നാണ് ജനസംസാരം. പാർട്ടി പോളിറ്റ്‌ബ്യൂറോ യോഗത്തിൽ നിർദ്ദേശങ്ങൾ നൽകുന്ന കിമ്മിനെയാണ് ചിത്രത്തിൽ കാണുന്നത്. 2020 അവസാന മാസങ്ങളിലെയും 2021 ഏപ്രിൽ, ജൂൺ മാസങ്ങളിലേയും ചിത്രങ്ങൾ നോക്കി ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ കിമ്മിന്റെ ഇടത് കൈത്തണ്ടയുടെ വണ്ണം കുറഞ്ഞതായും വാച്ചിന്റെ സ്‌ട്രാപ്പ് മുറുക്കിയതായും കാണുന്നുണ്ടെന്ന് പറയുന്നു. എന്നാൽ ഈ ഊഹാപോഹങ്ങളോട് കൊറിയൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷവും മുത്തച്ഛനും ഉത്തരകൊറിയയുടെ ആദ്യ ഏകാധിപതിയുമായിരുന്ന കിം ഇൽ സുംഗിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചും കിമ്മിനെ കാണാതിരുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും മരിച്ചതായും വരെ കഥകളുണ്ടായി. കിമ്മിന്റെ കുടുംബത്തിന് ഹൃദയസംബന്ധമായ പരമ്പരാഗത രോഗമുണ്ട് ഇതും അദ്ദേഹത്തിന്റെ അമിത ഭാരവും പലപ്പോഴും ഇത്തരം കഥകൾക്ക് കാരണമായി.