കാബൂൾ: സൈനിക പിന്മാറ്റം നടന്നുകൊണ്ടിരിക്കുന്നതിനിടെ അമേരിക്ക വീണ്ടും അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഭീകര സംഘടനയായ താലിബാൻ അഫ്ഗാനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാരണത്താലാണിത്. സെപ്തംബർ 11നകം എല്ലാ സൈനികരെയും അഫ്ഗാനിൽ നിന്ന് പിൻവലിക്കുമെന്നായിരുന്നു അമേരിക്ക അറിയിച്ചിരുന്നത്. എന്നാൽ, അമേരിക്കൻ സൈന്യം മടങ്ങുന്നതോടെ താലിബാൻ ഭീകരർ തലസ്ഥാന നഗരിയായ കാബൂൾ ഉൾപ്പെടെ പിടിച്ചെടുക്കുമെന്ന ഭീഷണി നിലനിൽക്കുകയാണ്. നിലവിൽ പിന്മാറ്റത്തിനു ശേഷം അഫ്ഗാൻ ഭരണകൂടത്തിന് സൈനിക സഹായം നൽകാൻ അമേരിക്ക വ്യവസ്ഥ ചെയ്തിട്ടില്ല.
എന്നാൽ, താലിബാൻ അഫ്ഗാൻ പൂർണ നിയന്ത്രണത്തിലാക്കിയാൽ രാജ്യത്ത് ആക്രമണമല്ലാതെ മറ്റ് വഴിയില്ലെന്നാണ് പെന്റഗൺ നൽകുന്ന സൂചന. അതിനായി ബോംബർ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയേക്കും.
നിലവിൽ അഫ്ഗാനിസ്ഥാന്റെ ഗ്രാമീണ മേഖലകളിലേറെയും താലിബാൻ നിയന്ത്രണത്തിലാണ്. ഇവിടങ്ങളിൽ സർക്കാരിന് പ്രവേശിക്കാനാവില്ല. താലിബാൻ ആധിപത്യം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചാൽ രാജ്യത്തിന്റെ സമ്പൂർണ നിയന്ത്രണം ഭീകരർക്ക് ലഭിക്കും.
അതേസമയം, വർഷങ്ങളായി അമേരിക്കൻ സേനയുടെ സഹായികളായി നിന്നവരെയും ഒഴിപ്പിക്കാൻ യു.എസ് നിർബന്ധിതരാണ്. അമേരിക്കയുടെ പിന്മാറ്റത്തിന് ശേഷം ഇവരെ താലിബാൻ വേട്ടയാടുമെന്ന ആശങ്ക മൂലമാണിത്.