കാബൂൾ: വടക്കൻ അഫ്ഗാനിലെ ബഗ്ലാൻ പ്രവിശ്യയിൽ കുഴിബോംബുകൾ നിർവീര്യമാക്കുന്ന ഹാലോ ട്രസ്റ്റിന്റെ ക്യാമ്പിൽ മുഖംമൂടി ധരിച്ച തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. ആറ് പേര്‍ തോക്കു ചൂണ്ടി എത്തിയെന്നും ഷിയ ഹസറ വിഭാഗക്കാര്‍ ആരെല്ലാമെന്ന് അന്വേഷിച്ച് വെടിവയ്പ്പ് നടത്തിയെന്നും പരിക്കേറ്റ ഒരാൾ പറഞ്ഞു.
ക്യാമ്പിൽ ഈ സമയം 110 ജോലിക്കാർ ഉണ്ടായിരുന്നു. ഷിയ ഹസറ വിഭാഗക്കാരെ തെരഞ്ഞുപിടിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹാലോ ചീഫ് എക്‌സിക്യുട്ടീവ് ജെയിംസ് കൊവാൻ പ്രതികരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ, ഭീകര സംഘടനയായ താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സർക്കാർ ആരോപിച്ചെങ്കിലും താലിബാൻ അത് നിഷേധിച്ചു.