supplyco

തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ സിവിൽ സപ്ളൈസ് കോർപ്പറേഷൻ സൂപ്പർ മാർക്കറ്റ് തുറക്കാൻ ഒരുങ്ങുന്നു. ഭക്ഷ്യമന്ത്രി ജി.ആർ. അനിലും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണിത്. കഴിഞ്ഞ ദിവസം ഇരുവരും ടെർമിനൽ സന്ദർശിച്ചിരുന്നു.

കെ.എസ്.ആർ.ടി.സിയുടെ സോണൽ എക്‌സിക്യുട്ടീവ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സൂപ്പർ മാർക്കറ്റ് തുടങ്ങുക. ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്ന ഓഫീസ് പാപ്പനംകോട്ടേക്ക് മാറ്റും. കെ.എസ്.ആർ.ടി.സിയുടെ ആധുനീകരണത്തിന്റെ ഭാഗമായാണ് സൂപ്പർ മാർക്കറ്റ് സ്ഥാപിക്കുന്നത്. നിലവിൽ ബസ് ജീവനക്കാർ വിശ്രമത്തിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് സോണൽ ഓഫീസ് കെട്ടിടം ഉപയോഗിക്കുന്നത്. ഇവിടെ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസ് രണ്ടാം നിലയിലേക്ക് മാറ്റും. ഒന്നാം നിലയിൽ 2500 ചതുരശ്ര അടി വിസ്തീർണത്തിലാകും സൂപ്പർ മാർക്കറ്റ് ഉയരുക. കോർപ്പറേഷനിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.

മറ്റ് സ്ഥലങ്ങളിലെ പോലെയാകില്ല ഇവിടത്തെ സൂപ്പർ മാർക്കറ്റ്. മാർക്കറ്റ് വരുന്നതോടെ കൂടുതൽ ആൾക്കാരെ ബസ് ഡിപ്പോയിലേക്ക് ആകർഷിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് വരുമാനവും ഉയർത്താനാകും.

കെ.എസ്.ആർ.ടി.സിയിൽ നിന്ന് പാട്ടത്തിലായിരിക്കും സപ്ളൈക്കോ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുകയെന്ന് സപ്ളൈക്കോ റീജിയണൽ മാനേജർ വി. ജയപ്രകാശ് പറഞ്ഞു. മാർക്കറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി സമീപത്തെ വലിയ വേലികൾ ഇടിച്ചുകളയും. വീട്ടിലേക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങൾ,​ മത്സ്യം,​ ഇറച്ചി അടക്കമുള്ളവ മാർക്കറ്റിൽ നിന്ന് വാങ്ങാനാകും. കൊവിഡ് കാലമായതിനാൽ തന്നെ ഓൺലൈൻ ഡെലിവറി സംവിധാനവും ഏർപ്പെടുത്തും. ആഗസ്റ്റ് ഒന്നിന് ഔട്ട്‌ലെറ്റ് പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.