k

ലണ്ടൻ:താനടക്കം മിക്ക സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയായവരാണെന്ന് ലോകപ്രശസ്ത ബ്രിട്ടീഷ് നടിയായ കെയ്റ നൈറ്റ്ലി. ഹാർപ്പേഴ്സ് ബസാർ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെയ്റ. ആരെങ്കിലും കുത്തി പരുക്കേൽപ്പിക്കുമെന്നും മുഖത്തടിക്കുമെന്നും കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുന്നു എന്നും ഏതെങ്കിലും സ്ത്രീകൾ പറയാറുണ്ടോ? എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എപ്പോഴും സ്ത്രീകൾ നേരിടുന്നുണ്ട്. മാർച്ചിൽ ലണ്ടനിൽ നടന്ന സാറ എവറാഡിന്റെ കൊലപാതകത്തിന് ശേഷം രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്കു പോകുന്ന സ്ത്രീകൾ സ്വീകരിക്കുന്ന മുൻകരുതലുകളെ പറ്റിയുള്ള ചർച്ചകളെക്കുറിച്ച് കേട്ടിരുന്നു. മുൻകരുതലുകൾ ഞാനും സ്വീകരിക്കാറുണ്ടെന്ന് അപ്പോഴാണ് ഓർത്തത് - കെയ്റ പറഞ്ഞു.

പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഇല്ല. പലരും പലവിധത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. ചൂഷണങ്ങൾക്ക് ഇരയാകുന്നവർ കടുത്ത മാനസികപ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഏതെല്ലാം രീതിയിലാണ് സ്ത്രീകൾ ചൂഷണത്തിന് ഇരകളാകുന്നതെന്ന് എനിക്ക് പറയാൻ അറിയില്ല. അപകടങ്ങൾ സംഭവിച്ചു കഴിയുമ്പോഴാണ് അവർ നേരിട്ടിരുന്ന പ്രശ്നങ്ങൾ പലപ്പോഴും പുറംലോകം അറിയുന്നത്. വീടിനകത്തും പുറത്തും സ്ത്രീകൾ സുരക്ഷിതരല്ല. ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ സ്വയരക്ഷ ഉറപ്പു വരുത്തണമെന്നും കെയ്റ പറയുന്നു. ഇനി മുതൽ പുരുഷന്മാർ സംവിധാനം ചെയ്യുന്ന സിനിമകളിലെ അമിതമായ സെക്സ് സീനുകളിൽ അഭിനയിക്കില്ലെന്ന് കെയ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.

@ഐക്യരാഷ്ട്രസഭ നടത്തിയ സർവേ പ്രകാരം ലണ്ടനിൽ 70 ശതമാനത്തോളം സ്ത്രീകൾ പൊതുയിടങ്ങളിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. 2021ലെ കണക്കു പ്രകാരം 97 ശതമാനവും 18നും 24നും ഇടയിൽ പ്രായമുള്ളവരാണ്.