മുംബയ്: ഇക്കൊല്ലത്തെ ആദ്യ സൂര്യഗ്രഹണം ഇന്നലെ ഉച്ചയ്ക്ക് 1.42ന് ആരംഭിച്ചു. അമേരിക്കൻ ഐക്യനാടുകൾ, യു.കെ എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമായി. കാനഡയിലെ ഒന്റാറിയോയിൽ സൂര്യൻ ഉദിച്ചതോടെ ആരംഭിച്ച സൂര്യഗ്രഹണം വടക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, ഗ്രീൻലാൻഡ്, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ വ്യാപിച്ച് സൈബീരിയൻ റഷ്യയിൽ അസ്തമയത്തോടെ സമാപിച്ചു. ഇന്ത്യയിൽ സൂര്യഗ്രഹണം ലഡാക്കിലും അരുണാചൽ പ്രദേശിലും മാത്രമാണ് ദൃശ്യമായത്. വാർഷിക ഗ്രഹണ ദൈർഘ്യം 3 മിനിറ്റ് 51 സെക്കൻഡ് ആയിരുന്നു. ആവേശഭരിതരായ നിരവധി ആകാശ നിരീക്ഷകർ ഓൺലൈനിൽ ഗ്രഹണം വീക്ഷിച്ചു. ഗ്രഹണത്തിന്റെ മനോഹരമായ ഫോട്ടോകൾ ട്വിറ്ററിൽ നിറഞ്ഞു.