തിരുവനന്തപുരം: മരുന്നുകളുടെയും ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെയും മെഡിക്കൽ കോളേജിലെ ലഭ്യത സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ഇവയുടെ ലഭ്യത ഉറപ്പാക്കാൻ അടിയന്തരമായി ഇടപെടാൻ കെ.എം.എസ്.സി.എൽ നോട് മെഡിക്കൽ കോളേജിന്റെ അടിയന്തര യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു. ഇന്നുമുതൽ ആവശ്യമായ ഗ്ലൗസുകൾ എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ ഉറപ്പ് നൽകി.
കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ മരുന്ന് കമ്പനികളിൽ നിന്നും കിട്ടാൻ വൈകിയാൽ കാരുണ്യ ഫാർമസി വഴി ശേഖരിച്ച് നൽകണം. ദിവസവും അവലോകന യോഗം നടത്തി മരുന്നിന്റെയും ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്തണം. നിശ്ചിത മരുന്ന് ആശുപത്രിയിൽ ലഭ്യമല്ലെങ്കിൽ ബദൽ മാർഗം തേടണമെന്നും മന്ത്രി നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ദിലീപ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. സൂസൻ ഉതുപ്പ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.