bindhu-ammini

പത്ത് വർഷക്കാലം തന്റെ പ്രണയിനിയെ ആരുമറിയാതെ സ്വന്തം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച പാലക്കാട് നെന്മാറ സ്വദേശി റഹ്‌മാന്റെ വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഇരുവരുടെയും പ്രണയത്തെ അനുകൂലിച്ചുകൊണ്ട് സോഷ്യൽ മീഡിയയും മറ്റുമായി നിരവധി പേർ രംഗത്തുവരുമ്പോൾ വിഷയത്തിൽ റഹ്മാനെ വിമർശിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.

സജിതയെ ആരുമറിയാതെ തന്റെ വീട്ടിൽ ഒളിപ്പിച്ചുതാമസിപ്പിച്ചുകൊണ്ട് റഹ്‌മാൻ അവരുടെ സ്വാതന്ത്ര്യത്തിന് തടയിടുകയായിരുന്നുവെന്നും അതിലൂടെ മനുഷ്യാവകാശ ലംഘനമാണ് റഹ്‌മാൻ നടത്തിയതെന്നുമാണ് വിമർശനം.

എന്നാൽ റഹ്‌മാനെയും സജിതയെയും പിന്തുണച്ചുകൊണ്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴി രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ റഹ്‌മാനെ കുറ്റപ്പെടുത്താൻ പാടില്ലെന്നും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവർക്കൊപ്പം നിൽക്കാനാവില്ലെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത്.

കുറിപ്പ് ചുവടെ:

'പത്തു വർഷക്കാലം ഒറ്റമുറിക്കുള്ളിൽ ഒളിച്ചു കഴിയേണ്ടി വരിക. അതും പ്രണയത്തിനു വേണ്ടി. റഹ്മാനെ കുറ്റവാളി ആക്കി ചിലർ ചിത്രീകരിച്ചു കണ്ടു. ഇവിടെ സജിത എന്ന സ്ത്രീ അനുഭവിച്ച എല്ലാ വിഷമങ്ങളും ഉൾക്കൊണ്ടു തന്നെ പ്രായപൂർത്തി ആയ മാനസിക ആരോഗ്യമുള്ള രണ്ടു വ്യക്തികൾ സ്വതന്ത്രമായി എടുത്ത തീരുമാനം ആയത് കൊണ്ടും വ്യവസ്ഥയുടെ ഇരകൾ ആയത് കൊണ്ടും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവർക്കൊപ്പം നിൽക്കാനാവില്ല.

ചില സന്തോഷങ്ങൾ അത്രമേൽ പ്രിയപ്പെട്ടതാവുമ്പോൾ ആണ് മറ്റുചിലഅടിസ്ഥാനസ്വാതന്ത്ര്യങ്ങൾ പോലും ഉപേക്ഷിക്കുന്നത്. മതവും സമൂഹവും എല്ലാം കൂടി അടിച്ചേൽപ്പിച്ച വിലക്കുകൾ മറികടക്കുവാൻ അവർ അവരുടെ തന്നെ പത്തു വർഷത്തെ സ്വാതന്ത്ര്യമാണുപേക്ഷിച്ചത്. ഇനി എങ്കിലും അവർ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ. ആശംസകൾ Sajitha and Rahman.'

content details: activist bindhu ammini in support of rahman and sajitha.