തിരുവനന്തപുരം: വയനാട്, തൃശൂർ അടക്കം വിവിധ ജില്ലകളിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ വനം, റവന്യു വകുപ്പുകൾ നിരപരാധിത്വമുയർത്തുമ്പോഴും സംഭവത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർ മാസങ്ങൾക്ക് ശേഷവും സർവീസിൽ തുടരുകയാണ്. അനധികൃത മരംമുറി ബോദ്ധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശത്തെ തുടർന്ന് ഫെബ്രുവരി 2 ന് ഉത്തരവ് റദ്ദ് ചെയ്യുകയും മരംമുറി നിറുത്തിവയ്‌ക്കുകയും ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥാർക്കെതിരെ നടപടിയെടുക്കാൻ ഇരുവകുപ്പുകളും തയ്യാറാകാത്തത് മരം മുറിക്ക് ഉന്നതതരുടെ നിർദ്ദേശവും സ്വാധീനവും ഉണ്ടായിരുന്നതിന് തെളിവാണെന്നാണ് ആക്ഷേപമുയരുന്നത് .
വയനാട് മേപ്പാടി റേഞ്ചിൽ നടന്ന അനധികൃത മരം മുറി വെളിച്ചത്ത് കൊണ്ടുവന്ന റേഞ്ച് ഓഫീസർ സമീറിനെതിരെ വ്യാജ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതായി തെളിഞ്ഞ കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി. സാജൻ അടക്കം സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന വിവിധ റേഞ്ച് ഓഫീസർമാർ, വിവിധ വില്ലേജ് ഓഫീസർമാർ എന്നിവർക്കെതിരെ നടപടി ഉണ്ടാകാത്തത് സംഭവത്തിൽ വനം, റവന്യു വകുപ്പുകളുടെ ഇടപെടലിനെക്കുറിച്ചുള്ള ദുരൂഹത കൂട്ടുന്നു.
സർക്കാരിൽ നിക്ഷിപ്തമായ മരങ്ങൾ മുറിക്കാൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് വില്ലേജ് ഒാഫീസുകളിലുള്ള ട്രീ രജിസ്റ്റർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിയമം കാറ്റിൽപ്പറത്തിയാണ് വ്യാപകമായി മരം മുറിക്കാൻ വില്ലേജ് ഒാഫീസർമാർ പൊസഷൻ സർട്ടിഫിക്കറ്റ് നൽകിയത്. ആദിവാസികളായ കർഷകന്റെ പേരിൽ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതെല്ലാം മരം മാഫിയകളായിരുന്നുവെന്നതാണ് വ്യക്തമാകുന്നത്. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് തടി കടത്താൻ റേഞ്ച് ഓഫീസർമാർ പാസ് അനുവദിച്ചത്. വനം വകുപ്പിന്റെ ഫോം 3 അനുസരിച്ചാണ് പാസ് നൽകിയത്. ഇതനുസരിച്ചാണ് തൃശൂരിലെ മച്ചാട് റേഞ്ചിൽ അടക്കം അഞ്ചുകോടിയോളം രൂപയുടെ തടി കടത്തിക്കൊണ്ടുപോയത്.
'