k-sudhakaran

കെപിസിസി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കണ്ണൂർ എംപി കൂടിയായ കെ സുധാകരനെതിരെ സോഷ്യൽ മീഡിയയിലും മറ്റുമായി ഒരു പ്രചാരണം ആരംഭിച്ചത്. തനിക്ക് തോന്നിയാൽ താൻ ബിജെപിയിൽ ചേരുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നതായിട്ടാണ് ഈ പ്രചാരണം.

സുധാകരൻ കെപിസിസി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതായുള്ല വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പോസ്റ്ററിന്റെ രൂപത്തിലും വീഡിയോ ക്ലിപ്പിന്റെ രൂപത്തിലും ഇത്തരത്തിലൊരു പ്രചാരണം വ്യാപകമായി നടന്നിരുന്നു.

'എനിക്ക് ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും. കോൺഗ്രസ് ഇല്ലെങ്കിൽ ബിജെപിയാണ് ഒരേ ഒരു ഓപ്‌ഷൻ എന്ന് പറഞ്ഞ കെ. സുധാകരൻ പുതിയ കെപിസിസി. അദ്ധ്യക്ഷൻ'-എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററാണ് പ്രചരിച്ചത്.

poster

അതേസമയം 31 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ 'കണ്ണൂര് തന്നെയുള്ള ഒരു ബിജെപി നേതാവ് അമിത് ഷായെ കാണാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചു. ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ ഐ വിൽ ഗോ വിത്ത് ബിജെപി. അത് ആരെയും ബോദ്ധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്‍റെ വിഷന്‍ ആണ്'- എന്ന് സമാനമായ കാര്യം അദ്ദേഹം പറയുന്നതായി കാണിക്കുന്നുണ്ട്.

video

എന്നാൽ ഈ രണ്ട് തരത്തിലുള്ള പ്രചാരണങ്ങളും വാസ്തവവിരുദ്ധമാണെന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ 'ഫാക്ട് ക്രെസെൻഡോ' പറയുന്നത്. 2018ൽ മീഡിയാ വൺ ചാനലിന്റെ ഒരു അഭിമുഖ പരിപാടിയിൽ കെ സുധാകരൻ പറഞ്ഞ ചില വാചകങ്ങൾ അടർത്തിയെടുത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് അദ്ദേഹത്തിനെതിരെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സുധാകരൻ ബിജെപി പാളയത്തിലേക്ക് പോകാനുള്ള അവസരം തേടി നിൽക്കുകയാണ് എന്ന സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ വിമർശനത്തിന് അഭിമുഖത്തിൽ അദ്ദേഹം നൽകുന്ന മറുപടിയാണ് എഡിറ്റ് ചെയ്യപ്പെട്ടത്.

സുധാകരന്റെ വാക്കുകൾ ചുവടെ:

അവതാരകൻ: 'താങ്കള്‍ ബിജെപിയിലേയ്ക്ക് പോകുന്നു. സിപിഎമ്മിനെതിരെ സംസ്ഥാനം പിടിക്കാനുള്ള ഏറ്റവും വലിയ ഐക്കണായി കെ. സുധാകരനെ കൊണ്ടുവരാന്‍ പോകുന്നു. താങ്കള്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കാത്തിരിക്കൂ എന്നാണ് അമിത് ഷാ പറഞ്ഞത് എന്നാണ് പി ജയരാജന്‍ താങ്കള്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപം.'

കെ. സുധാകരന്‍: 'ശുദ്ധ അസംബന്ധം!! ഒരു കൂടിക്കാഴ്ചയും ഇങ്ങനെ നടന്നിട്ടില്ല. അമിത് ഷാ എന്നൊരു നേതാവിനെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. അമിത് ഷാ മാത്രമല്ല, ബിജെപിയുടെ ഒരു നേതാവുമായും ഞാന്‍ സംസാരിച്ചിട്ടില്ല. പക്ഷേ എന്‍റെയടുത്ത് പല ദൂതന്മാരും വന്നിരുന്നുവെന്നതും സംസാരിച്ചിരുന്നുവെന്നതും സത്യമാണ്. അവര്‍ക്കൊന്നും ഒരു തവണ വരാനല്ലാതെ രണ്ടാമതൊരു തവണ വരാന്‍ ഞാന്‍ പെര്‍മിഷന്‍ കൊടുത്തിട്ടില്ല. എനിക്ക് എന്‍റേതായ പൊളിറ്റിക്കല്‍ ഇന്‍റഗ്രിറ്റി ഉണ്ട്. പൊളിറ്റിക്കല്‍ വിഷന്‍ ഉണ്ട്.

ആ വിഷന്‍ ആത്യന്തികമായി കോണ്‍ഗ്രസിന്‍റെതാണ്. ചെന്നൈയിലെയും കണ്ണൂരിലെയും ബിജെപി നേതാക്കള്‍ ക്ഷണിച്ചു. അമിത് ഷായെ കാണാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞ് രണ്ടേ രണ്ടു വാക്കില്‍ ഞാനത് ഒതുക്കി. ഒരു ചര്‍ച്ചയ്ക്ക് പോലും നിന്നില്ല. അമിത് ഷായുമായോ മറ്റു നേതാക്കളുമായോ ചര്‍ച്ച നടത്തിയിട്ടില്ല.

ഇതൊക്കെ ശുദ്ധ അസംബന്ധമാണ്. എനിക്ക് ബിജെപിയില്‍ പോവണമെങ്കില്‍ പി ജയരാജന്‍റെയോ ഇപി ജയരാജന്‍റെയോ സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ? എന്‍റെ പൊളിറ്റിക്കൽ ഫീൽഡ് ഐ ക്യാൻ ഡിസൈഡ്. ആര്‍ക്കാണ് എതിര്‍ക്കാന്‍ പറ്റുക? ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ ഐ വിൽ ഗോ വിത്ത് ബിജെപി. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്‍റെ വിഷന്‍ ആണ്. എന്റെ കാഴ്ചപ്പാടാണ്. എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞു..? ബിജെപിയിലേയ്ക്ക് പോകുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്‍റെ പ്രിൻസിപ്പൽസ് അഫിലിയേറ്റഡ് വിത്ത് കോൺഗ്രസ്.'

'ഫാക്ട് ക്രെസെൻഡോ' കെ സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായ ജയന്തുമായി സംസാരിച്ചിരുന്നു. അദ്ദേഹവും ഈ പ്രചാരണത്തെ തള്ളിക്കൊണ്ടാണ് പ്രതികരിച്ചത്. പ്രചാരണം വ്യാജമാണെന്നും ബിജെപിയിലേക്ക് പോകുമെന്ന് സുധാകരൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പഴയ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ദുഷ്പ്രചാരണം നടത്തുകയാണ്. അഭിമുഖം മുഴുവന്‍ കേട്ടുനോക്കിയാല്‍ ഇക്കാര്യം എളുപ്പം മനസ്സിലാകും. ജയന്ത് പറയുന്നു.

content details: fact check on edited video of k sudhakaran saying that he will go to bjp.