കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് പുതിയ വില. 37 ദിവസത്തിനിടെ ഇരുപത്തിരണ്ടാമത്തെ തവണയാണ് രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നത്.
ഇന്ധനവില വർദ്ധനയ്‌ക്കെതിരെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഇന്ന് കെ പി സി സിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രതിഷേധം. നിയുക്ത കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പത്തനംതിട്ടയിലുമായി പ്രതിഷേധ പരിപാടിയിൽ അണിചേരും. മുല്ലപ്പളളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസൻ തുടങ്ങിയവർ തിരുവനന്തപുരത്തെ വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധത്തിൽ പങ്കാളികളാകും.