surendran

തിരുവനന്തപുരം: നേതൃമാറ്റത്തിനായി മുറവിളി ഉയർന്നെങ്കിലും ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തത്‌ക്കാലത്തേക്ക് കെ.സുരേന്ദ്രന്‍റെ തലയുരുളില്ലെന്ന് വ്യക്തമാക്കി പാർട്ടി വൃത്തങ്ങൾ. കെ.സുരേന്ദ്രന് ബി.ജെ.പി കേന്ദ്ര നേതൃത്വം പിന്തുണ പ്രഖ്യാപിച്ചെങ്കിലും താത്കാലിക പിന്തുണ മാത്രമായിരിക്കും ഇതെന്നാണ് നേതാക്കൾ പറയുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ നാണക്കേട് ഒഴിവാക്കാന്‍ വേണ്ടിയാണ് കേന്ദ്രനേതൃത്വം കെ സുരേന്ദ്രനെ തളളാത്തത് എന്നാണ് സൂചന.

സുരേന്ദ്രനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ ഇപ്പോഴുയര്‍ന്ന ആരോപണങ്ങള്‍ എല്ലാം ശരിവയ്ക്കുന്നു എന്ന പ്രതീതി സൃഷ്‌ടിക്കപ്പെടും എന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിന് എതിരെയുള്ള പ്രബല ഗ്രൂപ്പുകള്‍ എല്ലാം നേതൃമാറ്റം എന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. ഗ്രൂപ്പിനപ്പുറത്തേക്ക് പോലും ഇത്തരത്തില്‍ ഒരു പൊതുവികാരം പാര്‍ട്ടിയില്‍ ഉണ്ടെന്ന വിലയിരുത്തലും കേരളത്തില്‍ നിന്ന് ലഭിച്ചതായാണ് സൂചന.

തിരഞ്ഞെടുപ്പ് തോല്‍വിയെ തുടർന്ന് പാർട്ടിയിൽ പുന:സംഘടന നടത്താനുള്ള നീക്കങ്ങള്‍ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാല്‍ അതിനിടെയാണ് കൊടകരയിലെ കുഴല്‍പ്പണ കേസ് വിവാദമാകുന്നത്. തുടക്കത്തിലെ സാഹചര്യം മാറുകയും തുടര്‍ദിവസങ്ങളില്‍ ബി.ജെ.പി കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങുകയും ചെയ്‌തു. ഇതോടെ കേന്ദ്ര നേതൃത്വം തീരുമാനം നീട്ടുകയായിരുന്നു എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങിയതിന് ശേഷം പുന:സംഘടന നടത്താമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം എത്രത്തോളം ഗുണകരമാകും എന്ന ആശങ്കയാണ് വിമതപക്ഷത്തെ നേതാക്കള്‍ ഉന്നയിക്കുന്നത്. വിവാദങ്ങള്‍ ഉടനെയൊന്നും കെട്ടടങ്ങാനുള്ള സാദ്ധ്യത കുറവാണ്. അങ്ങനെ വരുമ്പോള്‍ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന നേതാക്കളുടെ കീഴില്‍ പാര്‍ട്ടി പ്രവര്‍ത്തനം എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ ആകും എന്ന ആശങ്ക പ്രവർത്തകർക്കുണ്ടാകുമെന്നാണ് ഇവരുടെ പക്ഷം.

പാർട്ടിയുടെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടുമെന്ന് പറയുന്ന നേതാക്കൾ ഉടനടി പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കാത്തത് താത്കാലിക നേട്ടം ഉണ്ടാക്കിയേക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പ്രത്യാഘാതം ഇതിന്‍റെ പേരില്‍ നേരിടേണ്ടി വരുമെന്നാണ് വിമതപക്ഷത്തിന്‍റെ മുന്നറിയിപ്പ്.

തിരഞ്ഞെടുപ്പ് പരാജയത്തിനും അതിനുശേഷമുണ്ടായ വിവാദങ്ങൾക്കും പിന്നാലെ സംസ്ഥാന നേതൃത്വത്തിനതെരെ നിരവധി പരാതികളാണ് കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയത്. സി.വി ആനന്ദബോസ് പ്രധാനമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമാണുളളത്. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതോടെയാകും കേന്ദ്ര നേതൃത്വം കടുത്ത നടപടികളിലേക്ക് കടക്കുക.

സി.കെ ജാനുവിന് പത്ത് ലക്ഷം രൂപ കൊടുത്ത വിവാദം പുറത്ത് വന്നതിന് പിറകെ മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിയെ പണം കൊടുത്ത് പിന്തിരിച്ച വെളിപ്പെടുത്തലും വന്നത് സുരേന്ദ്രനേയും പാർട്ടിയേയും ഒരുപോലെ വെട്ടിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഏക സീറ്റ് നഷ്‌ടപ്പെടുത്തിയെന്നത് മാത്രമല്ല, വോട്ട് വിഹിതത്തില്‍ വലിയ നഷ്‌ടം നേരിടുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വത്തെ കേരളത്തിൽ നിന്നുളള ഔദ്യോഗിപക്ഷം ഇത്തരത്തിലൊന്നുമല്ല വിവരങ്ങൾ ധരിപ്പിച്ചിരിക്കുന്നതെന്നാണ് വിമത പക്ഷത്തിന്‍റെ പ്രധാന ആക്ഷേപം.