ബീജിംഗ്: ഇന്ത്യയിലെ ആറ് കമ്പനികളിൽ നിന്നുമുള്ള ഭക്ഷ്യവസ്തുക്കളിൽ കൊവിഡ് വൈറസിന്റെ കണികകൾ കണ്ടെത്തിയതിനെതുടർന്ന് ഈ കമ്പനികളെ ചൈന ഒരാഴ്ചത്തേക്ക് വിലക്കി. മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പനികളെയാണ് വിലക്കിയിരിക്കുന്നത്. ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളിലും രാജ്യം കൊവിഡ് പരിശോധന നടത്താറുണ്ട്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ കമ്പനികൾ പെട്ടുപോയത്. ചൈനീസ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ മത്സ്യം പൊതിയാൻ ഉപയോഗിച്ച കവറുകളുടെ പുറത്താണ് അധികൃതർ കൊവിഡ് വൈറസുകൾ കണ്ടെത്തിയത്.
ചൈനയിൽ നിന്നുമാണ് ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അതിനു ശേഷം കൊവിഡിനെ വരുതിയിലാക്കിയ ചൈന ഇപ്പോൾ വൈറസ് വീണ്ടും തങ്ങളുടെ രാജ്യത്തേക്ക് കടക്കാതിരിക്കാൻ ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചൈനയിൽ ഇപ്പോൾ കൊവിഡ് കേസുകൾ കുറവാണെങ്കിലും വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്നവരിൽ നിന്ന് ഇപ്പോഴും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വ്യാഴാഴ്ച പ്രാദേശികമായി ഒൻപത് പേർക്കും വിദേശത്ത് നിന്ന് വന്ന 15 പേർക്കും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.