സിനിമയിലോ സീരിയലിലോ വിന്ദുജ മേനോനെ കാണുന്നത് വല്ലപ്പോഴുമായിരിക്കും. എന്നാൽ പ്രേക്ഷകർ എന്നും എപ്പോഴും നൽകുന്നത് നിറഞ്ഞ സ്നേഹം.നർത്തകിയായതുകൊണ്ടാവും തനിക്ക് ഈ സ് നേഹം ലഭിക്കുന്നതെന്ന് വിന്ദുജയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന് അമ്മ കലാമണ്ഡലം വിമല മേനോനോട് നന്ദി പറയുന്നു.വിന്ദുജ എന്ന പേരിനുമുണ്ട് അപൂർവത.അതിന് അച്ഛൻ കെ.പി വിശ്വനാഥൻ മേനോനോടാണ് കടപ്പാട്. 'ഒന്നാനാം കുന്നിൽ ഒാരടി കുന്നിൽ' സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. 'നൊമ്പരത്തിപ്പൂവ്," 'ഞാൻ ഗന്ധർവൻ" എന്നീ സിനിമയിലും ബാലതാരം. എന്നാൽ മോഹൻലാൽ സിനിമ 'പവിത്ര"ത്തിൽ ചേട്ടച്ഛന്റെ മീനാക്ഷിയാണ് ഇപ്പോഴും പ്രേക്ഷകർക്ക് വിന്ദുജ. അവർ ആ മുഖം മറക്കുന്നില്ല. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ വിന്ദുജയെ നമുക്ക് അറിയാം. തിരുവനന്തപുരം കവടിയാർ നിർമ്മല ഭവൻ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് കലാതിലകമാകുന്നത്. ശേഷം സിനിമ വഴി തുറന്നു. 'ആക്ഷൻ ഹീറോ ബിജു" വിലാണ് ഒടുവിൽ കണ്ടത്. വിന്ദുജ ഇപ്പോൾ ഡോ. വിന്ദുജ മേനോനാണ്. ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയോടും ഒപ്പം മലേഷ്യയിൽ താമസം.
ചേട്ടച്ഛന്റെ മീനാക്ഷിയെ ഇപ്പോൾ കാണുമ്പോൾ എന്തു തോന്നുന്നു?
മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് 'പവിത്രം"കാണുമ്പോഴെല്ലാം തോന്നിയിട്ടുണ്ട്. പതിനഞ്ച് വയസിലാണ് മീനാക്ഷിയെ അവതരിപ്പിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രമാത്രം ആഴമുണ്ടെന്ന് വിവാഹശേഷമാണ് മനസിലാവുന്നത്. ബാലതാരമായി രണ്ടുമൂന്നു സിനിമയിൽ അഭിനയിച്ചെങ്കിലും ഒരു കൊച്ചുകുട്ടിക്ക് മനസിലാക്കേണ്ട കാര്യങ്ങൾ മാത്രം അപ്പോൾ അറിഞ്ഞാൽ മതിയായിരുന്നു.എന്നാൽ സിനിമ എന്ന മാദ്ധ്യമത്തെ പൂർണമായി തിരിച്ചറിയുന്നത് പവിത്രത്തിലൂടെയാണ്. സംവിധായകൻ രാജീവേട്ടനും ആ ടീമും തന്ന പിന്തുണയും പ്രോത്സാഹനവും വലുതാണ്. ചേട്ടച്ഛനായി ജീവിച്ച ലാലേട്ടൻ.
'പവിത്രം" പോലെ ഒരു സിനിമ പിന്നീട് വന്നില്ല. മീനാക്ഷിയെപോലെ ഒരു കഥാപാത്രം ഇനി,എപ്പോഴെങ്കിലും വരുമെന്നു വിശ്വസിക്കാനേ പറ്റൂ.
നടി, പിന്നണി ഗായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്. എന്നാൽ എപ്പോഴും ഒപ്പം നൃത്തം?
ജനിച്ചപ്പോൾ മുതൽ പാട്ടും നൃത്തവും കൂടെയുണ്ട്. അമ്മ നൃത്ത അദ്ധ്യാപികയും അച്ഛൻ വള്ളത്തോളിന്റെ മരുമകനും. കലയോട് മമത ഉള്ളവർ വീട്ടിലുണ്ടെങ്കിൽ ഇതു സാദ്ധ്യമാകും.അപ്പോൾ നൃത്തത്തിനോട് ആഭിമുഖ്യം ഉണ്ടാവുന്നത് സ്വാഭാവികം.ശരീരത്തിന്റെ ഭാഗം തന്നെയാണ് എനിക്ക് പാട്ടും നൃത്തവും. സംഗീതത്തിലായിരുന്നു എം.എ പഠനം. നൃത്തത്തിലും സംഗീതത്തിലുമാണ് ഡോക്ടറേറ്റ് നേടിയത്. ഏഴു വർഷം നീണ്ട പരിശ്രമത്തിന്റെ ഫലം. ഈ പ്രായത്തിൽ തന്നെ ഡോക്ടറേറ്റ് ലഭിച്ചത് ഭാഗ്യവും ദൈവാനുഗ്രഹവുമായി കരുതുന്നു.
കുറച്ചു സിനിമയിൽ മാത്രമാണ് അഭിനയിക്കാൻ സാധിച്ചത്?
നൃത്തവും പാട്ടും പോലെയാണ് അഭിനയത്തെയും കാണുന്നത്. ഏറ്റവും മികച്ച രീതിയിൽ ചെയ്യുക എന്നതാണ് അന്നും ഇന്നും തുടരുന്നത്. അതിനാലാണ് ഓടി നടന്നു അഭിനയിക്കാതിരുന്നത്. ഒന്നോ രണ്ടോ സീൻ മാത്രം ഉള്ള കഥാപാത്രം അവതരിപ്പിക്കാനാണ് മിക്കപ്പോഴും വിളിക്കുക. മുൻപ് അഭിനയിച്ചത് മുഴുനീള വേഷത്തിലോ പാട്ടുസീനിലുമായിരിക്കും. വളരെ കുറഞ്ഞുപോകുന്നുവോ എന്ന തോന്നലിൽ പലപ്പോഴും വേണ്ടെന്ന് വയ്ക്കുന്നു. എന്നാൽ ഇപ്പോഴത്തെ സിനിമയിൽ മിക്ക താരങ്ങൾക്കും ഒന്നോ രണ്ടോ സീൻ മാത്രമാണ്. അതുമായി പൊരുത്തപ്പെടാൻ സ്വയം പാകപ്പെടണം.കഥാപാത്രം സംതൃപ്തി തരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. സീരിയലിൽ നിന്നുള്ള വിളി എല്ലാ വരവിലും ഉണ്ടാവാറുണ്ട്. ഒരേ തരം കഥാപാത്രങ്ങൾ തന്നെ വരുന്നതിനാൽ ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കും. വേറിട്ട കഥാപാത്രം ചെയ്യാനാണ് ആഗ്രഹം. അതു എത്രമാത്രം സാധിക്കുമെന്ന് അറിയില്ല.
മലേഷ്യയിലെ ജീവിതം
എങ്ങനെയുണ്ട് ?
പത്തൊൻപതു വർഷമായി മലേഷ്യയിൽ എത്തിയിട്ട് . പെട്ടെന്ന് മനസിൽ ഇടംനേടുന്നവരാണ് മലേഷ്യയിലെ ആളുകൾ. നല്ല ഭക്ഷണപ്രിയരും ആതിഥ്യ മര്യാദ സ്വീകരിക്കുന്നവരും. അവിടത്തെ ഉൾനാടൻ പ്രദേശത്ത് പോയാൽ പാലക്കാടോ, ഷൊർണ്ണൂരിലോ എത്തിയതുപോലെ. വീടുകൾക്കു പോലുമുണ്ട് കേരള ഛായ. ഭാഷ തുടക്കത്തിൽ പ്രശ്നമായിരുന്നു. ഇപ്പോഴും മലയ് ഭാഷ മുറി മുറിയെ അറിയൂ.അമ്മയുടെ 'കേരള നാട്യ അക്കാഡമി"യുടെ ശാഖ അവിടെ നടത്തുന്നുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള കുട്ടികളുണ്ട്. നൃത്തം മറ്റുള്ളവരിലേക്ക് പകരുക എന്നതാണ് അമ്മയെപ്പോലെ എന്റെയും ലക്ഷ്യം. ഫ്രഞ്ച് െഎ.ടി കമ്പനിയായ കാപ് ജെമിനിയുടെ ഏഷ്യ - പസഫിക് റീജിയൻ വൈസ് പ്രസിഡന്റാണ് രാജേഷ്. ജോലിയുടെ ആവശ്യാർത്ഥം ഏറെ യാത്രകളുണ്ട്. കൊവിഡ് കാലത്താണ് ഞങ്ങൾ രണ്ടുപേരും നന്നായി കണ്ടുതുടങ്ങിയത്. തലശേരിയിലും വടകരയിലുമാണ് രാജേഷിന്റെ കുടുംബവേരുകൾ.മകൾ നേഹ മെൽബണിൽ ആർകിടെക്ചർ ബിരുദ വിദ്യാർത്ഥി.ദുബായിലാണ് സഹോദരൻ വിനോദ് കുമാറും കുടുംബവും.
മകൾ അഭിനയത്തിന്റെ വഴിയിലേക്ക് വരുമോ?
സിനിമ നേഹയ്ക്ക് ഇഷ്ടമാണ്. അഭിനയിക്കാൻ ആഗ്രഹമുണ്ട്.അവസരം വന്നിരുന്നു. വിദ്യാഭ്യാസം നേടി കഴിഞ്ഞ് മതി എല്ലാം എന്ന് അച്ഛൻ എനിക്ക് നൽകിയ ഉപദേശം അപ്പോൾ പറഞ്ഞു. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
രണ്ടുവർഷം മുൻപ് തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ അമ്മയും ഞാനും നേഹയും കൂടി നൃത്തം അവതരിപ്പിച്ചു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം.കേരള സർക്കാരിന്റെ നൃത്ത നാട്യ പുരസ്കാരം അടുത്തിടെ അമ്മയ്ക്ക് ലഭിച്ചു.
സ്കൂൾ കലോത്സവമില്ലാത്ത കാലം കടന്നുപോവുമ്പോൾ
എന്താണ് ഓർമ?
കലോത്സവ വേദികളിൽ നിന്ന് സ്വായത്തമാക്കാൻ കഴിയുന്നത് സമ്മാനങ്ങൾ മാത്രമല്ല, അനുഭവങ്ങൾ കൂടിയാണ്.ആ അനുഭവം ജീവിതത്തിന് കരുത്തു പകർന്നു. കലോത്സവം തന്നത് മധുരമായ ഓർമ്മ തന്നെയാണ്. കാസർകോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് കലാതിലകമായത്. 28 വർഷം കഴിഞ്ഞ് അവിടെ നടന്ന കലോത്സവത്തിൽ മുഖ്യ വിധികർത്താവാകാൻ കഴിഞ്ഞു. സിനിമ നടിയായല്ല മുൻ കലാതിലകമായാണ് പോയത്. വേദനയുടെ ഈ സമയം കടന്നുപോയി കലോത്സവ വേദികൾ ഉണരും.