vaccination

ന്യൂഡൽഹി: കൃത്യമായ ആസൂത്രണമില്ലാത്ത വാക്‌സിനേഷൻ നടപടികൾ പുതിയ കൊവിഡ്‌വകഭേദങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. എയിംസിലെ ഡോക്‌ടർമാരും കൊവിഡ് ദേശീയ ദൗത്യ സംഘത്തിലെ വിദഗ്‌ദ്ധരുമാണ് ഇങ്ങനെ

മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിവേചനമില്ലാത്തതും മതിയായ ആസൂത്രണമില്ലാത്തതുമായ വലിയ വാക്‌സിനേഷൻ ക്യാമ്പെയിനുകൾ നടത്തിയാൽ ഒത്തുകൂടുന്ന ജനങ്ങളിൽ നിന്ന് പുതിയ കൊവിഡ് വകഭേദമുണ്ടാകും.

ഇന്ത്യൻ പൊതുജനാരോഗ്യ സംഘടന(ഐ‌പി‌എച്ച്‌എ), ഇന്ത്യൻ അസോസിയേഷൻ ഒഫ് പ്രിവെന്റീവ് ആന്റ് സോഷ്യൽ മെഡിസിൻ (ഐ‌എപി‌എസ്‌എം), ഇന്ത്യൻ രോഗപര്യവേക്ഷകരുടെ സംഘടന (ഐഎ‌ഇ) എന്നീ സംഘടനയിലെ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ രോഗം എളുപ്പം പിടിപെടാവുന്നവരെയും മറ്റ് രോഗങ്ങളുള‌ളവരെയുമാണ് ആദ്യം പ്രതിരോധ കുത്തിവയ്പ്പ് നൽകി സുരക്ഷിതരാക്കേണ്ടത്. കുട്ടികൾക്കും ഇക്കൂട്ടത്തിൽ വാക്‌സിൻ നൽകണം അതല്ലാത്ത ബൃഹദ് വാക്‌സിനേഷൻ ക്യാമ്പെയിനുകൾ ദോഷം മാത്രമേ ചെയ്യൂ.

ഒരിക്കൽ കൊവിഡ് വന്നവ‌ർക്ക് വാക്‌സിൻ നൽകേണ്ട ആവശ്യമില്ല. ഇവരിൽ രോഗബാധയ്‌ക്ക് ശേഷം വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞ ശേഷം മാത്രമേ വാക്‌സിനേഷൻ നടപ്പാക്കാവൂ. ഒരു പ്രദേശത്തെ ജനങ്ങൾക്ക് വാക്‌‌സിനേഷൻ നൽകാൻ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാകണം. ഉദാഹരണത്തിന് ഒരു പ്രദേശത്ത് കൊവിഡ് ഡെൽറ്റാ വകഭേദം ശക്തമാണെങ്കിൽ കൊവിഷീൽഡ് രണ്ടാംഘട്ട വാക്‌സിനേഷന്റെ ഇടവേള കുറയ്‌ക്കാം.

കൊവിഡ് രോഗത്തിനെതിരെ ശക്തമായ ആയുധമാണ് വാക്‌സിനെന്നും അവ കൃത്യമായ ഇടവേളയിൽ ഫലപ്രദമായ തരത്തിൽ നൽകുന്നതാണ് നല്ലതെന്നും വിദഗ്ദ്ധർ പറയുന്നു. മുതിർന്നവർക്കെല്ലാം വാക്‌സിൻ നൽകുമെന്ന് പറയുന്നത് നല്ലതെന്ന് തോന്നുമെങ്കിലും രാജ്യത്തെ കൊവിഡ് മരണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മരണനിരക്ക് കുറയ്‌ക്കുന്ന തരത്തിലുള‌ള വാക്‌സിനേഷനാണ് നല്ലത്.

ജില്ലകൾ തിരിച്ച് കൊവിഡ് സിറോ സർവെകൾ നടത്തുന്നത് രണ്ടാംഘട്ട വ്യാപനത്തിന്റെ യഥാ‌ർത്ഥ ചിത്രം വെളിവാക്കാൻ സഹായിക്കും. രണ്ടാംഘട്ട വ്യാപനത്തിൽ വിവിധ തരം കൊവിഡ് വകഭേദങ്ങൾ രാജ്യത്ത് പ്രബലമാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റ് ഉയർന്ന രോഗനിരക്കുള‌ള രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ ജനസംഖ്യയിൽ 1000 പേരിൽ ഒരു ശതമാനം പേരിൽ ജീനോം പഠനം നടത്തി. 5 ശതമാനമെങ്കിലും ജീനോം പഠനം നടത്തണം. ഇത് വലിയൊരു കടമ്പയാണ്. എന്നാൽ മൂന്ന് ശതമാനത്തിലെങ്കിലും ഇത്തരത്തിൽ പഠനം നടത്തണം.

രാജ്യത്തെ ഗ്രാമങ്ങളിലും അർദ്ധ നഗരങ്ങളിലും മതിയായ പരിശോധനാ സംവിധാനത്തിന്റെ കുറവുണ്ട്. ഇത് തീ‌ർച്ചയായും പരിഹരിക്കണം. റാപ്പിഡ് ആന്റിജൻ ടെസ്‌റ്റുകൾ നിലവിൽ വളരെ കുറവാണ്. ശരിയായ കൊവിഡ് കണക്ക് അറിയാൻ ഇവ ഫലപ്രദമാണ്. അല്ലാത്ത പക്ഷം യഥാ‌ർത്ഥ രോഗികളെ കണ്ടെത്താതെ പോകാൻ സാദ്ധ്യതയുണ്ട്.

ഏതെങ്കിലും ജില്ലകളിൽ സീറോപ്രിവലൻസ് സർവെ ഫലം 70 ശതമാനമാണെങ്കിൽ അവിടെ വാക്‌സിനേഷൻ വേണ്ട, സാധാരണ ജീവിതം ആകാവുന്നതാണ്. വാക്‌സിനേഷൻ വേഗം കൂട്ടി നടപ്പാക്കിയാൽ നിലവിലെ മരണനിരക്കിലെങ്കിലും കുറവ് വരുത്താനും ക്രമേണ രോഗത്തെ പ്രതിരോധിക്കാനും രാജ്യത്തിന് സാധിക്കുമെന്നാണ് വിദഗ്ദ്ധർ അറിയിക്കുന്നത്.