ലിസ്ബൺ: ഏറെകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര മടങ്ങിവരവിൽ തന്നെ സ്വർണം നേടി മടങ്ങിവരവ് അവിസ്മരണീയിമാക്കി. പരിക്കൽ നിന്ന് മുക്തനായ ശേഷമുള്ള തന്റെ ആദ്യ അന്താരാഷ്ട്ര മീറ്റിൽ പങ്കെടുത്ത നീരജിന് പക്ഷേ 83.18 മീറ്റർ ദൂരം മാത്രമേ ജാവലിൻ പായിക്കാൻ സാധിച്ചുള്ളു. 88.07 മീറ്റർ വരെ ഇതിനു മുമ്പ് എറിഞ്ഞിട്ടുള്ള നീരജ് 87.86 ദൂരം എറിഞ്ഞാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്.
ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനു വേണ്ടി യൂറോപ്പിൽ പരിശീലനത്തിലാണ് നീരജ് ഇപ്പോൾ. ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ്, കഴിഞ്ഞ വർഷം ജനുവരിയിൽ ദക്ഷിണ ആഫ്രിക്കയിൽ നടന്ന മീറ്റിൽ വച്ചാണ് ഒളിമ്പിക്സ് യോഗ്യത നേടുന്നത്.
കൊവിഡ് മഹാമാരി വ്യാപകമാകുന്നതിനു മുമ്പ് തുർക്കിയിൽ പരിശീലനത്തിലായിരുന്ന നീരജ്, ലോക്ക്ഡൗണിനു തൊട്ടുമുമ്പാണ് ഇന്ത്യയിൽ എത്തിയത്. അതിനു ശേഷം ഇന്ത്യയിൽ തന്നെയായിരുന്ന നീരജ് മതിയായ മത്സരപരിചയം ലഭിക്കാത്തത് തന്റെ ഒളിമ്പിക്സ് തയ്യാറെടുപ്പുകളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ജാവലിൻ ത്രോയിൽ നിലവിൽ ഏഷ്യൻ ചാമ്പ്യനായ നീരജ് കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു.