chandrasekharan

കാസര്‍കോട്: മരംമുറിയുമായി ബന്ധപ്പെട്ട റവന്യൂവകുപ്പിന്‍റെ ഉത്തരവ് സദുദ്ദേശപരമായിരുന്നുവെന്ന് മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്‌തും ദുരുപയോഗം ചെയ്‌‌തും മരംമുറിച്ചെങ്കില്‍ നടപടിയുണ്ടാകും. 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള സ്ഥലങ്ങളില്‍ നട്ട മരങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഇതിനു വിരുദ്ധമായി നടന്നതോടെയാണ് ഉത്തരവ് പിന്‍വലിച്ചതെന്നും മുന്‍മന്ത്രി പറഞ്ഞു.

കര്‍ഷക താത്പര്യം മുന്‍നിര്‍ത്തിയായിരുന്നു മരംമുറിക്കാന്‍ അനുവാദം നല്‍കിയത്. ഇ ഡി ഉള്‍പ്പടെ ഏത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നു. കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷകരുടെയും നിരന്തരമായ അപേക്ഷയെ തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കാനുളള അനുവാദം ഈ ഉത്തരവില്‍ ഇല്ല. ഉത്തരവിന്‍റെ മറവില്‍ നിയമവിരുദ്ധമായി മറ്റ് മേഖലകളില്‍ നിന്ന് മരംമുറിക്കുന്നു എന്ന പരാതി കേള്‍ക്കാന്‍ ഇടയായി. ആ സാഹചര്യത്തിലാണ് അത് റദ്ദാക്കാന്‍ തീരുമാനമായത്. കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ മാത്രമേ അന്വേഷണത്തെ ഭയക്കേണ്ടതുളളൂവെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.